# ഇടശേരി രവിയുടെ പുസ്‌തകപ്രകാശനം നാളെ
ആലപ്പുഴ: 1924 ജനുവരി 16ന് പല്ലനയാറ്റിലുണ്ടായ റെഡീമർ ബോട്ട് ദുരന്തത്തിൽ പൊലിഞ്ഞ മഹാകവി കുമാരനാശാന്റെ അന്ത്യയാത്രയിലേക്ക് വെളിച്ചംവീശുന്ന
ഇടശേരി രവിയുടെ 'മഹാകവിയുടെ അന്ത്യയാത്ര' നാളെ പ്രകാശനം ചെയ്യും.
വൈകിട്ട് 3ന് തിരുവനന്തപുരം കവടിയാറിലെ ഭാരത് സേവക് സമാജത്തിന്റെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം.ആർ.സഹൃദയൻ തമ്പി പുസ്തകത്തിന്റെ കോപ്പി ഡോ.എം.ശാർങധരന് കൈമാറിയാണ് പ്രകാശനം.
സദ്ഭാവന ട്രസ്റ്റാണ് പ്രസാധകർ.ബോട്ടപകടവും ഗുരുദേവന്റെ സന്ദർശനവും ഉൾപ്പടെയുള്ള വൈകാരിക രംഗങ്ങളിലൂടെയാണ് പല്ലന മഹാകവി കുമാരനാശാൻ സ്മാരക സംഘം പ്രസിഡന്റുകൂടിയായ ഇടശേരി രവിയുടെ പുസ്‌തകം കടന്നുപോകുന്നത്.
ചുക്ക് കാപ്പിയും ചട്ടിഅപ്പവും വിൽക്കാൻ പുലർച്ചെ അഞ്ചരയ്ക്ക് പതിവു പോലെ എത്തിയ പല്ലന സ്വദേശി കുട്ടി അലിയാണ് റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കാട്ടുപരുത്തി കമ്പുകളിൽ മഹാകവിയുടെ ചേതനയറ്റ ശരീരം ആദ്യം കണ്ടത്. ഷർട്ടും മുണ്ടും കോട്ടുമായിരുന്നു വേഷം. ചൊക്കൻ ശങ്കരനും മാന്നാറനാചാരിയും ചെണ്ടപ്പരമു മൂപ്പരും ചേർന്നാണ് മൃതദേഹം പുറത്തെത്തിച്ചത്. പിന്നീട് പല്ലനയാറിന്റെ പടിഞ്ഞാറെ തീരത്ത് ആശാന്റെയും ബാക്കിയുള്ള 23പേരുടെ സംസ്കാരം കിഴക്കേ കരയിലുമാണ് നടന്നതെന്ന് പുസ്‌തകത്തിൽ പറയുന്നു.
ഗുരുദേവനെത്തിയത് വള്ളത്തിൽ
പല്ലനയിൽ ഗുരുദേവൻ അന്ന് എത്തിയത് ആരും അറിയാതെയായിരുന്നു. വത്സലശിഷ്യന്റെ അന്ത്യവിശ്രമ സ്ഥലത്തേക്ക് വള്ളത്തിലാണ് ഗുരുദേവൻ വന്നത്. പുത്തൻകരിയിൽ കൊച്ചുപപ്പുവിന്റെ വീടിനടുത്തുള്ള കടവിൽ വള്ളം അടുപ്പിച്ചു. പപ്പു വീടുപണിക്കായി വച്ചിരുന്ന ആഞ്ഞിലിപ്പലക നിരത്തി ഗുരുദേവനെ കരയിലേയ്ക്ക് ആനയിച്ചു. ആശാന്റെ കുഴിമാടത്തിന് സമീപം ഗുരു ഏറെനേരം നിശബ്ദനായി നിന്നു.
പിന്നീട്, ബോട്ട് മുങ്ങിയ പല്ലനയാറ്റിൻ കരയിലേക്ക് പോയി. ഗുരു ആറ്രിലേക്ക് നോക്കിനിന്നു.അതിലെ ചുഴികളിലായിരുന്നു കണ്ണ്. വത്സലശിഷ്യന്റെ അരികിലേക്ക്
വീണ്ടും ഗുരുവെത്തി.ചിങ്ങോലി കേശവൻ മുതലാളി മാത്രമാണ് അന്ന് ഗുരുദേവനൊപ്പം ഉണ്ടായിരുന്നത്. ഗുരുദേവനെ കാണാൻ ധാരാളം ആളുകൾ തടിച്ചുകൂടയിരുന്നു.
മഹാകവിയുടെ അന്ത്യനിമിഷങ്ങൾ വിവരിക്കുന്ന പുസ്തകം തയ്യാറാക്കാൻ കഴിഞ്ഞത് ദൈവനിയോഗം. പഴമക്കാരിൽ നിന്ന് ലഭിച്ച അറിവും ചരിത്രരേഖകളുമാണ് രചനയ്ക്ക് സഹായകമായത്
-ഇടശേരി രവി, ഗ്രന്ഥകർത്താവ്