ആലപ്പുഴ : കയർ ഉത്പന്ന നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സ്മാൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ കയർഫെഡിന്റെ മുമ്പിൽ പ്രകടനവും കയർ കോർപ്പറേഷന്റെ പടിക്കൽ ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് കയർകോർപ്പറേഷന് മുന്നിൽ നടക്കുന്ന ധർണ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സ്മാൾ സ്കെയിൽ കയർ മാനുഫാക്ചറേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം.പി.പവിത്രൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കയറിന് നിലവിലുണ്ടായിരുന്ന സബ്സിഡി പുനസ്ഥാപിക്കുക, ചെലവിന് ആനുപാതികമായി ഉത്പന്നങ്ങൾക്ക് വില പുതുക്കുക, നൽകാനുള്ള ഉത്പന്ന വില പൂർണ്ണമായും നൽകുക, എം.ഡി.എ പൂർണ്ണമായി വിതരണം ചെയ്യുക, ഓണക്കാലത്തെ തൊഴില്ലായ്മ പരിഹരിക്കുക, ഉത്പാദനക്ഷമത അനുസരിച്ച് കയർകോർപ്പറേഷൻ ഓർഡർ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.വാർത്തസമ്മേളനത്തിൽ എം.പി.പവിത്രൻ, ഡി.സനൽ, കെ.വി.സതീശൻ, എൻ.വി.തമ്പി എന്നിവർ പങ്കെടുത്തു.