മാവേലിക്കര: സ്വന്തമായി പ്രാഥമികാരോഗ്യകേന്ദ്രം ഇല്ലാത്ത നഗരസഭ എന്ന പേരുദോഷം മാറ്റാൻ മാവേലിക്കരയ്ക്ക് ദേശീയ ആരോഗ്യദൗത്യം തുക അനുവദിച്ചിട്ടും യാഥാർത്ഥ്യമാകാതെ പദ്ധതി. 2022ലാണ് നഗരത്തിൽ രണ്ട് ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സ്ഥാപിക്കാനായി ദേശീയ ആരോഗ്യദൗത്യം 82 ലക്ഷം രൂപ മാവേലിക്കര നഗരസഭയ്ക്ക് അനുവദിച്ചത്.
പണം അനുവദിച്ച് 2വർഷം പിന്നിട്ടിട്ടും ഇതുവരെ ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല. മുനിസിപ്പൽ ബസ് സ്റ്റാൻഡ് വളപ്പിലെ കെട്ടിടത്തിലും പുന്നംമൂട് മാർക്കറ്റിലെ നഗരസഭാ വ്യാപാരസമുച്ചയത്തിലുമാണ് കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണമാണ് പദ്ധതി നീണ്ടുപോകുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ തുടങ്ങാനാകാത്തത്
മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡ് വളപ്പിൽ കുടുംബശ്രീ കാന്റീനിനായി നിർമിച്ച കെട്ടിടം രൂപമാറ്റം വരുത്തി ആരോഗ്യ കേന്ദ്രത്തിനായി സജ്ജമാക്കി.
വയറിംഗ് നടത്തുന്നതിനുള്ള അനുമതിക്കായി പൊതുമരാമത്ത് വൈദ്യുതീകരണ വിഭാഗത്തിന് അപേക്ഷ നൽകിയെങ്കിലും സാങ്കേതികപ്രശ്നങ്ങൾ മൂലം തുടർനടപടി നിലച്ചു
ചിങ്ങം 1ന് തുറക്കുമെന്നായിരുന്നു നഗരസഭ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ കെട്ടിടത്തിലെ വൈദ്യുതീകരണം നടക്കാത്തതിനാൽ ഉദ്ഘാടനം നീണ്ടുപോകുന്നു
പുന്നമൂട് മാർക്കറ്റിൽ നഗരസഭയുടെ ഒഴിഞ്ഞുകിടക്കുന്ന മുറികൾക്കൊപ്പം സ്വകാര്യവ്യക്തി വാടകയ്ക്ക് എടുത്തിരിക്കുന്ന മുറികൂടി ഒഴി പ്പിച്ചെടുത്ത് രണ്ടാമത്തെ ആരോഗ്യകേന്ദ്രം തുടങ്ങാനാണ് നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നത്
സ്വകാര്യവ്യക്തിയെ ഒഴിപ്പിക്കാനുള്ള തീരുമാനം നടപ്പായില്ല. ഇതോടെ പുന്നമൂട്ടിൽ ആരോഗ്യകേന്ദ്രം തുടങ്ങാനുള്ള നടപടി നിലച്ചിരിക്കുകയാണ്.