ആലപ്പുഴ : ചാത്തനാട് പമ്പ് ഹൗസിലെ ചോർച്ച മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഒഴിയാത്തത് പരിസരവാസികളെ ദുരിതത്തിലാക്കുന്നു.
പമ്പ് ഹൗസിന് തൊട്ടടുത്തുള്ള ഇന്ദിരാ ജംഗ്ഷൻ - ത്രിവേണി റോഡാണ് പതിവായി വെള്ളക്കെട്ടിലാകുന്നത്.
സ്കൂൾ കുട്ടികളടക്കം ചെളി നിറഞ്ഞ വഴിയിലൂടെ വേണം സഞ്ചരിക്കേണ്ടത്. രാവിലെ 7നും, വൈകിട്ട് 6 മണിക്കുമാണ് ഇവിടെ പമ്പിംഗ്. തകരാറിനെത്തുടർന്ന്, പമ്പ് ചെയ്യുന്ന വെള്ളത്തിൽ വലിയൊരു പങ്കും റോഡിലേക്കെത്തുകയാണ്. വാൽവിലൂടെ ജലം പൈപ്പ് ലൈനിലേക്ക് കയറാതെ കഴിഞ്ഞയാഴ്ച്ച അഞ്ച് ദിവസത്തോളം പ്രദേശവാസികൾക്ക് കുടിവെള്ളം മുട്ടിയിരുന്നു. സ്കൂൾ, വായനാശാല, അങ്കണവാടി തുടങ്ങി വിവിധ സ്ഥാപനങ്ങളുള്ള പ്രദേശമാണ്. ഇവിടെ സദാസമയം വെള്ളം നിറഞ്ഞു കിടക്കുന്നത് കാൽനടയാത്രക്കാരെയും വാഹനയാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
പുതിയ പമ്പ് ഹൗസ് കമ്മിഷൻ ചെയ്യണം
നിലവിൽ പ്രവർത്തിക്കുന്ന പമ്പ് ഹൗസിനോട് ചേർന്ന് തന്നെ പുതിയ ജലസംഭരണി നിർമ്മാണം പൂർത്തിയായിട്ട് ഒരു മാസം പിന്നിട്ടു
പുതിയ ടാങ്കിൽ നിന്നുള്ള പമ്പിംഗ് ആരംഭിക്കുക മാത്രമാണ് ലിറ്റർ കണക്കിന് ജലം പാഴാകാതിരിക്കാനുള്ള പോംവഴി
പുതിയ ജലസംഭരണിയുടെ ഇന്റർകണക്ഷൻ പ്രവർത്തികൾ ഉടൻ നടത്തുമെന്നാണ് അധികൃതർ പറയുന്നത്
ചാത്തനാട്, മന്നത്ത്, തോണ്ടൻകുളങ്ങര, ആശ്രമം വാർഡുകളിലേക്ക് ഈ പമ്പ് ഹൗസിൽ നിന്നുള്ള ജലമെത്തും
പഴയ ടാങ്കിൽ നിന്ന് മാലിന്യം കലർന്ന ജലമാണ് ലഭിക്കുന്നതെന്നും പരാതിയുണ്ട്.
ദിവസവും ലിറ്റർ കണക്കിന് കുടിവെള്ളമാണ് പമ്പ് ഹൗസിന്റെ തകരാർ മൂലം പൊതുവഴിയിലേക്ക് ഒഴുകി പാഴാകുന്നത്. അടിയന്തരമായി പുതിയ ജലസംഭരണി കമ്മീഷൻ ചെയ്യണം
- കെ.ബി.സാധുജൻ, പ്രസിഡന്റ്, തോണ്ടൻകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ