മാന്നാർ: വർത്തമാനകാലത്ത് പ്രസ്ഥാനത്തെ തള്ളിപ്പറയുന്നവർക്കിടയിൽ, കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ മാത്രം വിശ്വസിച്ച് പ്രവർത്തിച്ച മാതൃകാ കമ്മ്യൂണിസ്റ്റ് ആയിരുന്നു പീതാംബരപ്പണിക്കരെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കഴിഞ്ഞ ദിവസം അന്തരിച്ച, കമ്യൂണിസ്റ്റ് പാർട്ടിയുടെ മാന്നാറിലെ മുതിർന്ന അംഗവും നിരവധി സമര പോരാട്ടങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന കുരട്ടിക്കാട് മാമ്പറ്റയിൽ ശങ്കരാലയത്തിൽ കെ.എസ് പീതാംബരപ്പണിക്കർക്ക് അന്ത്യോപചാരം അർപ്പിച്ചു സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. മാന്നാർ കുട്ടംപേരൂർ അംബുജ ഭവനിൽ രാവിലെ നടന്ന പൊതുദർശനത്തിൽ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.പി സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ പുഷ്പലത മധു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി.എൻ ശെൽവരാജ്, കെ.നാരായണപിള്ള, കെ.എം അശോകൻ, കെ.എം സഞ്ജുഖാൻ, മാന്നാർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി.ആർ ശിവപ്രസാദ്, ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത് പഴവൂർ, സലിം പടിപ്പുരക്കൽ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, ഡോ.ഗംഗാദേവി തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. 11ന് മാന്നാർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടന്നു.