ആലപ്പുഴ : വീടുകളിൽ അതിക്രമത്തിന് ഇരയാകുന്നവരുടെ താൽക്കാലിക അഭയകേന്ദ്രമായ 'സ്നേഹിത'യിലൂടെ ജില്ലയിൽ ഏഴുവർഷത്തിനിടെ സാന്ത്വനമേകിയത് രണ്ടായിരത്തിലധികം പേർക്ക്. ആലപ്പുഴ കളക്ടറേറ്റിന് കിഴക്ക് ട്രാഫിക് പൊലീസ് സ്റ്റേഷന് എതിർ‌വശത്തുള്ള 'സ്നേഹിത'യിൽ ഭൂരിഭാഗം ദിവസങ്ങളിലും അന്തേവാസികളായി സ്ത്രീകളെത്താറുണ്ട്.

ഭർത്താവോ മക്കളോ വീട്ടിൽ നിന്ന് ഇറക്കി വിട്ടവർ ഉൾപ്പടെ ഗാർഹിക പീഡനത്തിന്റെ ഇരകളാണ് താമസക്കാരിലേറെയും. വിവിധ കാരണങ്ങളാൽ വീടുവിട്ടെത്തുന്ന കുട്ടികളെയും ശിശുക്ഷേമ സമിതി ഭാരവാഹികൾ ഇവിടെ എത്തിക്കാറുണ്ട്. പത്ത് വയസ് വരെയുള്ള ആൺകുട്ടികൾക്കും ഇവിടെ താമസിക്കാനാകും.

വിവിധ പ്രശ്നങ്ങൾ നേരിട്ട് എത്തുന്നവർ മാത്രമല്ല, ദീ‌‌ർഘദൂര യാത്രകൾക്കിടയിൽ ഒരു രാത്രിയിലെ സുരക്ഷിത താമസം തേടി വരുന്നവരുമുണ്ട്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവ‌ർത്തിക്കുന്ന സ്ഥാപനത്തിൽ ഏത് സമയവും സഹായത്തിനായി ഓടിയെത്താം.

കൗൺസലിംഗും നിയമസഹായവും

1. പരമാവധി അഞ്ച് മുതൽ ഏഴ് ദിവസം വരെ ഇവിടെ താമസിക്കാം

2. അതിനുള്ളിൽപ്രശ്നങ്ങൾ മനസ്സിലാക്കി, പരിഹാരം കണ്ടെത്തും

3. ചിലരുടെ പ്രശ്നങ്ങൾക്ക് കൗൺസലിംഗ് പര്യാപ്തമാണ്

4. മറ്റ് ചില‌ർക്ക് സ്ഥിരമായി താമസസ്ഥലം കണ്ടെത്തേണ്ടിവരും

5. നിയമസഹായം ആവശ്യമുള്ളവർക്ക് അതിനുള്ള സഹായവും നൽകും

വർഷം,പരാതികൾ

2017 - 2018 : 166

2018 - 2019 : 341

2019 - 2020 : 520

2020 - 2021 : 370

2021 - 2022 : 350

2022 - 2023 : 374

2023 - 2024 : 368

2024ൽ ഇതുവരെ : 143

'സ്നേഹിത"യിൽ

 വിദഗ്ദ്ധ പരിശീലനം നേടിയ 2 കൗൺസില‌ർമാ‌ർ

 5 സ‌‌‌ർവ്വീസ് പ്രൊവൈഡർമാർ

 2 സുരക്ഷാ ജീവനക്കാർ

 കെയ‌ർ ടേക്കർ

 ഓഫീസ് അസിസ്റ്റന്റ്

വീടുകളിൽ നേരിടുന്ന അതിക്രമ കേസുകൾ വർദ്ധിച്ചുവരുന്നുണ്ട്. ഒപ്പം കുട്ടികൾക്കിടയിലെ ലഹരി ഉപയോഗവും കൂടി

- ചരണ്യ, കൗൺസില‌ർ, സ്നേഹിത