ആലപ്പുഴ : പുഞ്ചകൃഷിയുടെ നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ സപ്ളെകോ ആരംഭിച്ചിട്ടും നെല്ല് സംഭരണ നയം പ്രഖ്യാപിക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നു. വിലയുമായി ബന്ധപ്പെട്ടു കൃഷി വകുപ്പോ സപ്ളെകോയോ വ്യക്തത വരുത്താത്തതാണ് കർഷകർക്കിടയിൽ ആശങ്ക ഉയർത്തുന്നത്.
നെല്ലിന് കിലോയ്ക്ക് കേന്ദ്ര സർക്കാർ അടുത്തിടെ വർദ്ധിപ്പിച്ച ഒരുരൂപ 17 പൈസയുടെ പ്രയോജനം തങ്ങൾക്ക് ലഭിക്കുമോ എന്നാണ് കർഷകർക്ക് അറിയേണ്ടത്. ഈ വർദ്ധന ഉൾപ്പെടെ നിലവിൽ താങ്ങുവില 23രൂപയാണ്. സംസ്ഥാന സർക്കാർ വിവിധ ഘട്ടങ്ങളിൽ വർദ്ധിപ്പിച്ച ഉത്പാദന പ്രോത്സാഹനം 9.52 രൂപയും. രണ്ടും ഉൾപ്പെടെ 32.52രൂപ ഒരു കിലോ നെല്ലിന് വില കിട്ടുന്ന നയം പ്രഖ്യാപിക്കണമെന്ന് വിവിധ കർഷക സംഘടനാ ഭാരവാഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ താങ്ങുവില കൂടുമ്പോൾ ഉത്പാദന പ്രോത്സാഹന ഇനത്തിൽ നൽകുന്ന തുക കുറയ്ക്കുന്ന രീതിയാണ് സംസ്ഥാനം കൈക്കൊള്ളുന്നത്.
കർഷകർക്ക് ആശങ്ക
കേന്ദ്രം കഴിഞ്ഞ 3വർഷങ്ങളിൽ താങ്ങുവിലയിൽ വർദ്ധിപ്പിച്ച 3.15രൂപ കുറച്ച് നിലവിൽ 28.20രൂപയാണ് കർഷകർക്ക് നൽകുന്നത്
സംസ്ഥാനം നൽകുന്ന ഉത്പാദന പ്രോത്സാഹനത്തിൽ നിന്നാണ് ഈ തുക കുറയ്ക്കുന്നത്. താങ്ങുവില കൂടിയതിന്റെ ഫലം കർഷകർക്ക് ലഭിക്കുകയുമില്ല
ഇപ്പോൾ കേന്ദ്രസർക്കാർ വദ്ധിപ്പിച്ച 1.17രൂപയുടെ വർദ്ധന പ്രത്യക്ഷത്തിൽ കർഷകർക്ക് ലഭിക്കുമോ എന്നതിൽ വ്യക്തത വരുത്തണം.
സംസ്ഥാന സർക്കാർ നെൽ കർഷകരോടുള്ള അവഗണന അവസാനിപ്പിച്ച് കേന്ദ്രസർക്കാരിന്റെ എം.എസ്.പി 23രൂപയും, സംസ്ഥാന സർക്കാരിന്റെ പ്രൊഡക്ഷൻ ഇൻസെന്റീവ് ആയ 9.52 രൂപയും ഉൾപ്പെടെ 32.52രൂപ കിലോയ്ക്ക് നൽകണം
- സോണിച്ചൻ പുളിങ്കുന്ന്, ജനറൽ സെക്രട്ടറി, നെൽ കർഷക സംരക്ഷണസമിതി
മുൻകാലങ്ങളിൽ കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച എം.എസ്.പി സംസ്ഥാന സർക്കാരിന്റെ പ്രൊഡക്ഷൻ ഇൻസെന്റീവിൽ നിന്ന് കുറവ് ചെയ്തത് മുൻകാല പ്രാബല്യത്തോടെ ലഭ്യമാക്കി പുഞ്ചവിളയുടെ നെല്ല് സംഭരണം നടത്തണം
- ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽനാളികേര കർഷക ഫെഡറേഷൻ