ആലപ്പുഴ: കാൻസർ രോഗികൾക്ക് വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്ന സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് കൗണ്ടർ ഇന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ഫാർമസി കൗണ്ടറിൽ പ്രവർത്തനം ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ലാഭം ഈടാക്കാതെയുള്ള പദ്ധതിക്ക് തുടക്കമിടുന്നത്.
ഉദ്ഘാടനം ഇന്ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷയാകും. എച്ച്.സലാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ്, ഡി.എം.ഒ ഡോ.ജമുന വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുക്കും. സീറോ പ്രോഫിറ്റ് കൗണ്ടർ വഴി കാൻസർ രോഗികൾക്കുള്ള 247 ഇനം മരുന്നുകളാണ് വിലക്കുറവിൽ ലഭ്യമാക്കുക.
മരുന്നുകളുടെ വിലവ്യത്യാസം
(മരുന്ന് ,പൊതുവിപണിയിിയലെ വില, കാരുണ്യ കൗണ്ടറിലെ വില (രൂപയിൽ)എന്ന ക്രമത്തിൽ)
ആൽബുമിൻ ബൗണ്ടഡ് പാക്ലിടാക്സൽ (ഇൻജെക്ഷൻ) - 6563 - 2882
ഫെംപ്രോ (ലെട്രോസോൾ) ടാബ്ലറ്റ് 10 എണ്ണം - 89.49 - 16
അഡ്ബിറോൺ (അബിറാടെസോൺ) 1 ബോട്ടിൽ - 42350 - 6683
ലെനാൻജിയോ (ലെനലിഡോമൈഡ് ) കാപ്സ്യുൾ 10 എണ്ണം - 1013 - 524