ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും കമ്പ്യൂട്ടർ സമർപ്പണവും എൻ.എസ്.എസ് യൂണീറ്റ് ഉദ്ഘാടനവും സ്കൂൾ കലോത്സവ ഉദ്ഘാടനവും ഇന്ന് നടക്കും.പാഠ്യ പാഠ്യേതര രംഗത്ത് ജില്ലയിലെ തന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായി മാറിയ സ്കൂളിന് മാനേജർ വെള്ളാപ്പള്ളി നടേശൻ അനുവദിച്ചു നൽകിയ 15 പുതിയ കമ്പ്യൂട്ടറുകളുടെ സമർപ്പണവും സമ്മേളന ഉദ്ഘാടനവും രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്.എൻ. ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ,എച്ച്.എം. സീന ഒ.എച്ച്,പി.ടി.എ പ്രസിഡന്റ് ടി.വി.ബൈജു,സ്റ്റാഫ് സെക്രട്ടറി ബിജി ദാമോദരൻ, സ്റ്റാഫ് തങ്കമണി ഗൗതമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപ പ്രകാശനം നടത്തുന്നതോടെ ആരംഭിക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി.ബാബു അദ്ധ്യക്ഷത വഹിക്കും.പ്രതിഭകളെ അനുമോദിക്കലും എൻ.എസ്.എസ് യൂണീറ്റ് ഉദ്ഘാടനവും ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.കെ.അശോക് കുമാർ നിർവഹിക്കും. കലാഭവൻ ചാക്കോച്ചൻ കലോത്സവ ഉദ്ഘാടനം നടത്തും.എൻ.എസ്.എസ് ജില്ലാ കൺവീനർ ജി.അശോക് കുമാർ എൻ.എസ്.എസ് സന്ദേശം നൽകും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായ് അനുമോദന പ്രഭാഷണം നടത്തും. സ്കൂളിൽ നിന്ന് വിരമിച്ച പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപികയും സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം സ്കൂളിലെ എൻ.സി.സി ഓഫീസറായി തുടരുകയും ചെയ്യുന്ന ക്യാപ്റ്റൻ ഷൈമ കുട്ടപ്പനെ ചടങ്ങിൽ ആദരിക്കും. പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ഒ.എച്ച്.സീന നന്ദിയും പറയും.