കായംകുളം : സി.പി.എം വിഭാഗീയത രൂക്ഷമായ കായംകുളത്ത്, ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെ നാല് പേർക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ ബ്രാഞ്ച് കമ്മിറ്റി യോഗം അലങ്കോലമായി. മുദ്രാവാക്യം വിളികളോടെ ഒരു വിഭാഗം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന, പുള്ളിക്കണക്ക് ലോക്കൽ കമ്മിറ്റിയിലെ മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് സംഭവം.
ബ്രാഞ്ച് സെക്രട്ടറിയും കേരള തണ്ടാർ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ എൻ.രാജേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ ജില്ലാ കമ്മിറ്റി അംഗവുമായ വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിയും പ്രവാസി സംഘം മേഖലാ പ്രസിഡന്റുമായ എം.ഷാം , കർഷക സംഘം യൂണിറ്റ് സെക്രട്ടറി മോഹനൻപിള്ള എന്നിവർക്കെതിരെ കായംകുളം ഏരിയ കമ്മിറ്റി സ്വീകരിച്ച സസ്പെൻഷൻ നടപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. ആറു മാസം മുമ്പ് ഇവർക്കെതിരെ നടപടി തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ ഇടപെട്ട് മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഏരിയ കമ്മിറ്റി നടപടിക്ക് അംഗീകാരം നൽകി.
തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് ചേർന്ന മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം അംഗങ്ങൾ പ്രതിഷേധമുയർത്തുകയായിരുന്നു. അജണ്ട വച്ചു ചർച്ച ചെയ്യാതെയാണ് നടപടിയെന്നായിരുന്നു ഇവരുടെ ആരോപണം. പാർട്ടി സമ്മേളനം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൈക്കൊണ്ട നടപടി അംഗീകരിക്കില്ലെന്നും ഇവർ പറഞ്ഞു. ഗ്രാമസഭയിൽ അഭിപ്രായം പറഞ്ഞതാണ് അച്ചടക്ക നടപടിക്ക് പിന്നിലെന്നും ഇവർ ആരോപിച്ചു. നടപടിയിൽ പ്രതിഷേധിച്ച് മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിയിലെ മുഴുവൻ അംഗങ്ങളും രാജിവയ്ക്കുകയും ചെയ്തു.
വിഭാഗീയത പുകയാൻ തുടങ്ങിയിട്ട് നാളുകളായി
കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ സി.പി.എമ്മിന് ഭരണം നഷ്ടമാകാൻ കാരണം ഏരിയ കമ്മിറ്റി അംഗങ്ങളായ രണ്ട് നേതാക്കളുടെ നിലപാടുകളായിരുന്നെന്ന് ഒരുവിഭാഗം നേരത്തേ ആരോപിച്ചിരുന്നു. കഴിഞ്ഞ പാർട്ടി സമ്മേളന കാലയളവിൽ ഇത് തുറന്നുപറഞ്ഞ പലരെയും നടപടി എടുത്തു പുറത്താക്കിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു. നേതാക്കൾ നടത്തുന്ന അഴിമതി ചോദ്യം ചെയ്യുന്നവരെ അടുത്ത കമ്മിറ്റിയിൽ വിശദീകരണം ചോദിക്കാതെയും ഘടകത്തിൽ ചർച്ച ചെയ്യാതെയും ഒഴിവാക്കുന്നത് സംഘടനാ വിരുദ്ധമാണെന്നും പുറത്താക്കപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.