ആലപ്പുഴ : ഓണത്തിന് മുമ്പ് ജില്ലയിൽ 75 റേഷൻ കടകളെ കെ സ്റ്റോറാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നു. 45എണ്ണം ഇതിനകം തുറന്നു. ശേഷിച്ചവ ഒരാഴ്ചക്കുള്ളിൽ പ്രവർത്തന സജ്ജമാകും.
സപ്ളെകോയുടെ 13 ഇന സബ്സിഡി ഉത്പന്നങ്ങളോടൊപ്പം അക്ഷയകേന്ദ്രങ്ങളിൽ ലഭിക്കുന്ന വിവിധ സേവനങ്ങളും കെ.സ്റ്റോറിൽ ലഭ്യമാക്കും. സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ അംഗീകരിക്കാത്ത ഉത്പന്നങ്ങൾ വിറ്റാൽ നടപടി നേരിടേണ്ടിവരും. കൂടുതൽ കമ്മീഷൻ ലഭിക്കുമെന്ന് കരുതി അനുമതി ഇല്ലാത്ത കമ്പനികളുടെ ഉത്പന്നങ്ങളുടെ വില്പന തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. സബ്‌സിഡി ഇല്ലാത്ത ശബരി ഉത്പന്നങ്ങൾ, പാൽ ഒഴികെയുള്ള മിൽമ ഉത്പന്നങ്ങൾ എന്നിവ വിൽക്കാനാണ് അനുമതി. ഇത് കെ സ്റ്റോറിന്റെ പ്രവർത്തനം വിജയകരമാക്കില്ലെന്ന ആശങ്ക റേഷൻ വ്യാപാരികൾക്കുണ്ട്. ജില്ലയിലെ ആറ് താലൂക്കുകളിലും കെ.സ്റ്റോർ അനുവദിച്ചിട്ടുണ്ട്.
കിട്ടുന്നത്
ശബരി ഉത്പന്നങ്ങൾ, പാൽ ഒഴികെയുള്ള അഞ്ചിനം മിൽമ ഉത്പന്നങ്ങൾ
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചെറിയ ഗ്യാസ് സിലിണ്ടർ
വിവിധ ബില്ലുകൾ അടയ്ക്കാനുള്ള പൊതുസേവനകേന്ദ്രം
മാവേലി സ്റ്റോറുകൾ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില്പനയില്ല
മാനദണ്ഡങ്ങളിലും മാറ്റം
ആദ്യ ഘട്ടത്തിൽ ഉൾപ്രദേശങ്ങൾക്കും മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങൾക്കുമാണ് മുൻഗണന
നാല് മാനദണ്ഡങ്ങളായിരുന്നു കെ സ്റ്റോർ ആദ്യം അനുവദിക്കുന്നതിന് സർക്കാർ നിർദ്ദേശിച്ചിരുന്നത്
രണ്ട് കിലോമീറ്റർ ചുറ്റളവിൽ ബാങ്കുകൾ, അക്ഷയകേന്ദ്രം,മാവേലി സ്റ്റോർ,ചെറുകിട വിപണന കേന്ദ്രങ്ങൾ ഇല്ലാത്തിടത്താണ് അനുവദിക്കുക
ഓണം പ്രമാണിച്ച് ഇതിൽ രണ്ടെണ്ണം പാലിച്ചും സ്റ്റോർ അനുവദിക്കുന്നുണ്ട്
"സർക്കാർ നിർദ്ദേശം അനുസരിച്ച് ജില്ലയിലെ മുഴുവൻ റേഷൻ കടകളിലും കെ - സ്റ്റോർ സംവിധാനം ഏർപ്പെടുത്തും. ഓണത്തിന് മുമ്പ് 75 സ്റ്റോർ പ്രവർത്തനം ആരംഭിക്കും.
- മായാദേവി, ജില്ല സപ്ളൈ ഓഫസർ, ആലപ്പുഴ
'ജനോപകാരപ്രദമായ ഇത്തരം പദ്ധതികളെ റേഷൻ വ്യാപാരികൾ സ്വാഗതം ചെയ്യുന്നു. സപ്ളെകോയുടെ എല്ല ഇനം സബ്‌സിഡി ഉത്പന്നങ്ങൾ കൂടെ വിതരണത്തിന് ലഭ്യമാക്കണം.
എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ