ആലപ്പുഴ: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് തണലൊരുക്കാൻ സബർമതി സ്പെഷ്യൽ സ്കൂൾ വഴി രമേശ് ചെന്നിത്തല നടത്തുന്നത് മാതൃകാ പ്രവർത്തനങ്ങളാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിന്റെ ഏഴാം വാർഷികാഘോഷവും സബർമതി എക്സലൻസ് അവാർഡ് വിതരണവും സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിപ്പാടിന് വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്ന രമേശ് ചെന്നിത്തലയെ ഹരിപ്പാടിന്റെ ആജീവനാന്ത എം.എൽ.എ എന്നാണ് താൻ വിശേഷിപ്പിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ പ്രമുഖ വ്യവസായി എം.എ.യൂസഫലി പറഞ്ഞു. സബർമതിയിലെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഒരുക്കുന്നതിന് ഒരു കോടി രൂപ അദ്ദേഹം ചടങ്ങിൽ വാഗ്ദാനം ചെയ്തു. യൂസഫലിക്ക് രമേശ് ചെന്നിത്തല സമ്മാനിച്ച ഓണക്കോടി ഗവർണർ കൈമാറി.
കഥാകൃത്ത് ടി.പത്മനാഭൻ, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ, സിന്തൈറ്റ് ഇൻഡസ്ട്രീസ് എം.ഡി ഡോ.വർഗീസ് ജേക്കബ്, ധന്യ ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി.ജോൺ മത്തായി, ബിൽഡിംഗ് ഡിസൈനേഴ്സ് എം.ഡി കെ.വി.മുരളീധരൻ തുടങ്ങിയവരെ ഗവർണർ സബർമതി എക്സലൻസ് പുരസ്ക്കാരം നൽകി ആദരിച്ചു. എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ഹരികുമാർ, മുൻ എം.എൽ.എമാരായ അഡ്വ.ബി.ബാബു പ്രസാദ്, വി.ദിനകരൻ, ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.