ചേർത്തല:പള്ളിപ്പുറം കെ.എസ്.ഐ.ഡി.സി യിലുള്ള സൺ അക്വാട്ടിക് പ്രോഡക്ട് പ്രൈവറ്റ് ലിമിറ്റഡ് നിന്നും കൈതപ്പുഴ കായലിലേക്ക് കൂന്തൽ വേസ്റ്റ് തള്ളുന്ന നടപടി അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ചേർത്തല ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.ക്വിന്റൽ കണക്കിന് വരുന്ന കൂന്തൽ നാക്കുകൾ വലയിൽ വന്ന് കുടുങ്ങുന്നതുമൂലം വല പിടിക്കാൻ കഴിയാതെ കായലിൽ തന്നെ കിടക്കുകയാണ്. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താൻ കഴിയാതെ വന്നിരിക്കുകയാണ് ഇത് കായൽമലിനീകരണത്തിന് ആക്കം കൂട്ടുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.എൻ . വാസവനും സെക്രട്ടറി പി.എസ്. ബാബുവും പറഞ്ഞു.കെ.എസ്.ഐ.ഡി.സിയിൽ നിന്ന് കായലിലേക്ക് സ്ഥാപിച്ചിട്ടുള്ള പൈപ്പിലൂടെ , മലിനജലം ആണ് ഇപ്പോൾ ഒഴുക്കുന്നത്. ഇതെല്ലാം കായലിനെ നാശത്തിലേക്ക് എത്തിക്കുകയാണ്. കായൽമലിനീകരണവും മത്സ്യത്തൊഴിലാളികളുടെ തൊഴിലും നഷ്ടപ്പെടുത്തുന്ന ഈ നടപടി അവസാനിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് യൂണിയൻ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.