തുറവൂർ: ചികിത്സാസഹായം ആവശ്യപ്പെട്ട് വീട്ടിലെത്തിയ അപരിചിതൻ മൂന്നര പവന്റെ സ്വർണമാലയുമായി കടന്നുകളഞ്ഞതായി പരാതി. തുറവുർ പഞ്ചായത്ത് 5-ാം വാർഡ് വളമംഗലം ചോനങ്ങിൽ പടിഞ്ഞാറെ തറയിൽ ടി.കെ.വിജയന്റെ ഭാര്യ വിജയമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.

ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ട് വീട്ടിലെത്തിയയാൾ അവശനായ നിലയിൽ അഭിനയിച്ചു കുടിവെള്ളം ആവശ്യപ്പെട്ടു. വീടിന്റെ ഹാളിലേക്ക് കയറ്റിയിരുത്തി വെള്ളം കൊടുത്ത ശേഷം പണമെടുക്കാൻ വിജയൻ അകത്തേക്ക് പോയി. ഈ സമയം, വിജയമ്മ കുളിക്കുന്നതിനു മുമ്പായി വീടിനകത്ത് ഊരി വച്ചിരുന്ന മാല മോഷ്ടിച്ചശേഷം അപരിചിതൻ കടന്നു കളഞ്ഞു. കുറച്ചു കഴിഞ്ഞ് വിജയമ്മ മാല എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. വിവരമറിയിച്ചതിനെ തുടർന്ന് കുത്തിയതോട് പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.