od

ആലപ്പുഴ: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഓടകൾ ശുചിയാക്കാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നിർദ്ദേശിച്ച അവസാന തീയതി പിന്നിട്ടിട്ടും ശുചീകരണം പൂർണമായില്ല.

കഴിഞ്ഞമാസം 31നകം കാനകളിലെ മാലിന്യം പൂർണമായി നീക്കണമെന്നായിരുന്നു നിർദ്ദേശം. കാനയിൽ നിന്ന് തോട്ടിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗത്താണ് മാലിന്യനീക്കം ശേഷിക്കുന്നത്. റെയിൽവേ സ്റ്റേഷന് സമീപം ഇരുപത് മീറ്ററോളം നീളത്തിൽ രണ്ട് കാനകളാണുള്ളത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും, മരങ്ങൾ വെട്ടിയതിന്റെ അവശിഷ്ടങ്ങളുമാണ് കാനയിൽ കെട്ടി കിടക്കുന്നത്. കാനയിൽ വൃത്തിയാക്കിയ ഭാഗത്ത് നിന്ന് കോരിയെടുത്ത മാലിന്യങ്ങൾ പ്രദേശതത് തന്നെ കൂട്ടിവെച്ചിരിക്കുകയാണ്.

ട്രാക്കിനടിയിലെ ഓടയും വൃത്തിയാക്കണം

 ട്രാക്കിന് അടിയിലൂടെ പോകുന്ന നൂറ് മീറ്റോളം നീളമുള്ള ഓടയും വൃത്തിയാക്കേണ്ടതുണ്ട്

 ഇതിന് ആദ്യപടിയായി റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിക്കണം

 ഈ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയില്ലെന്നാണ് റെയിൽവേയുടെ നിലപാട്

 റെയിൽവേ സ്റ്റേഷന് പിന്നിൽ ബൈപ്പാസിനോട് ചേർന്ന് ഒഴുകുന്ന കാനയു‌ടെ ശുചീകരണം പൂർത്തിയായി

 റെയിൽവേ ഭൂമിയിലൂടെ പോകുന്ന തോടിന്റെ ഭാഗത്ത് കലുങ്ക് കെട്ടിയെങ്കിലും ചെളി നിറഞ്ഞ് നീരൊഴുക്കില്ലാതായി

മാലിന്യത്തിന് പുറമേ, തോടുകളിലെ ചെളിയും നീക്കം ചെയ്താൽ മാത്രമേ കാനകളിലെ നീരൊഴുക്കും ശരിയായി നടക്കുകയുള്ളൂ. ആദ്യത്തെ ആവേശത്തിന് മാലിന്യം നീക്കം ചെയ്ത ശേഷം പിന്നീട് തിരി​ഞ്ഞുനോക്കാത്ത സ്ഥിതി വരരുത്

-പ്രദേശവാസികൾ