ആലപ്പുഴ : നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്റെ മാല മോഷണം പോയതും രണ്ടാഴ്ച്ചയ്ക്കു ശേഷം താൽക്കാലിക ജീവനക്കാരനിൽ നിന്ന് മാല തിരികെ ലഭിച്ചതും ഇന്ന് ചേരുന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ചയായേക്കും. ആഴ്ചകളോളം പൂഴ്ത്തിവെച്ച സംഭവം പുറത്തായതിന് പിന്നാലെ സി.പി.എം ജില്ലാ നേതൃത്വം ഇടപെട്ട് ഇത്തരം വിഷയങ്ങളിൽ ജനപ്രതിനിധികൾ ജാഗ്രതപുലർത്തണമെന്ന് നിർദ്ദേശം നൽകി. ഇന്ന് ഉച്ചയ്ക്ക് 2.30നാണ് പ്രത്യേക കൗൺസിൽയോഗം ചേരുന്നത്.

അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഭവനപുനരുദ്ധാരണവും സ്ഥലം കണ്ടെത്തലും ഡിജിറ്റൽ സർവേയുടെ പൂർത്തീകരണവുമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ടിയെ വെട്ടിലാക്കുന്ന സംഭവങ്ങൾ ആലപ്പുഴയിൽ ആവർത്തിക്കുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. മാല കൈക്കലാക്കിയയാളെ തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാത്തതിൽ ഒരു വിഭാഗം കടുത്ത അമർഷത്തിലാണ്. നഗരസഭയിൽ മോഷണങ്ങൾ പതിവാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

മാല വിവാദത്തിന് പിന്നാലെയാണ് ഒരു കൗൺസിലറുടെ കൈവശമുണ്ടായിരുന്ന അമ്പതിനായിരം രൂപയും, മറ്റൊരു കൗൺസിലർക്ക് ഏഴായിരം രൂപയും നഗരസഭ ഓഫീസിൽ വച്ച് നഷ്ടമായത് പുറത്തറിഞ്ഞത്.

പണയം വയ്ക്കാനെത്തി, തൊണ്ടി പൊങ്ങി

ജൂലായ് 25ന് ജവഹർ ബാലഭവനിലായിരുന്നു നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ ആരോഗ്യ വിഭാഗം ജീവനക്കാരന്റെ മൂന്നുപവന്റെ മാല നഷ്ടമായത്. നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ ഇതേ മാല പണയപ്പെടുത്താൻ താത്കാലിക ജീവനക്കാരൻ എത്തിയതോടെയാണ്, ഇവിടെ ജോലി ചെയ്യുന്ന മറ്റൊരു ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഭാര്യ മാല തിരിച്ചറിഞ്ഞതും കൈയോടെ പൊക്കിയതും. ഒടുവിൽ, കളഞ്ഞുകിട്ടിയതെന്ന തരത്തിൽ മാല തിരിച്ചേല്പിച്ച് പ്രശ്‌നം ഒതുക്കിതീർക്കുകയായിരുന്നു.