അമ്പലപ്പുഴ : ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം) പ്രതിരോധ വാക്‌സിൻ ക്ഷാമം കാരണം മെഡിക്കൽ പ്രവേശനത്തിന് സമർപ്പിക്കേണ്ട വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാതെ വിദ്യാർത്ഥികൾ. എം.ബി.ബി.എസ് പ്രവേശന നടപടികളുടെ ഭാഗമായി സമർപ്പിക്കേണ്ട രേഖകളിൽ മഞ്ഞപ്പിത്ത പ്രതിരോധ വാക്സിനെടുത്ത രേഖയും നിർബന്ധമാണ്.
ആശുപത്രികളിലും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലും ഹൈപ്പറ്റൈറ്റിസ് വാക്സിൻ ഇപ്പോൾ ലഭിക്കുന്നില്ല. വിദേശത്തെ കോളേജുകളിൽ പ്രവേശനം നേടുന്നതിനും വാക്സിൻ എടുക്കേണ്ടതുണ്ട്. നിർമ്മാതാക്കൾ താത്കാലികമായി ഉത്പാദനം നിറുത്തിവച്ചതാണ് ക്ഷാമത്തിന് കാരണം. സംസ്ഥാനത്ത് പ്രതിരോധ വാക്‌സിനിലൂടെ രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായതോടെ ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സാ മരുന്നുകൾക്കും ആവശ്യക്കാർ കുറഞ്ഞിരുന്നു. പ്രതിരോധ വാക്സിൻ കുത്തിവയ്ക്കാതെ വന്നാൽ രോഗം വീണ്ടും വ്യാപകമാകുന്ന സാഹചര്യം സൃഷ്ടിച്ച് കൂടിയ വിലയുള്ള ചികിത്സാ മരുന്ന് വിറ്റഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ വാക്‌സിൻ ക്ഷാമത്തിന് പിന്നിലെന്ന് ആക്ഷേപമുണ്ട്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് രണ്ട് പേരുകളിൽ (genevac B, Revac B) കേരളത്തിൽ വാക്സിൻ വിതരണം ചെയ്തിരുന്നത്.
മെഡിക്കൽ പ്രവേശനത്തിന് നിർബന്ധം
പ്രൊഫഷണൽ കോളേജ്, മെഡിസിൻ വിദ്യാർത്ഥികൾക്ക് ഹൈപ്പറ്റൈറ്റിസ് ബി വാക്സിൻ എടുക്കേണ്ടത് നിർബന്ധമാണ്
3 ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ഒന്ന് എടുത്ത് ഒരു മാസംകഴിഞ്ഞും പിന്നീട് 6 മാസം കഴിഞ്ഞുമാണ് വാക്സിനേഷൻ
5 വർഷമാണ് വാക്സിന്റെ കാലാവധി. പിന്നീട് ഇമ്മ്യൂണിറ്റി ബൂസ്റ്റർ ഡോസ് എടുക്കണം
ഗവ.ആശുപത്രികളിൽ കുറേക്കാലമായി വാക്സിൻ ലഭ്യമല്ല. പുറത്തു നിന്ന് വാങ്ങി ആശുപത്രിയിൽ എത്തി കുത്തിവയ്പെടുക്കുകയാണ് ചെയ്യുന്നത്
- അനസ്, പ്രിവന്റീവ് ക്ലിനിക് ഹെൽത്ത് ഇൻസ്പെക്ടർ ,ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി