ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ അങ്കണവാടി നിയമനത്തിൽ അഴിമതി ആരോപിച്ച് സി.പി.ഐ അംഗങ്ങൾ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതിക്കെതിരായ സമരത്തിൽ സഹകരിക്കാത്ത സി.പി.എം നിലപാടിനെതിരെയും സി.പി.ഐ വിമർശനമുയർത്തി.
ഒരു വർഷം മുമ്പ് അംഗൻവാടി നിയമനത്തിനായി സെലക്ഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തപ്പോൾ സി.പി.ഐയെ ഒഴിവാക്കി സി.പി.എമ്മിനെ ഉൾപ്പെടുത്തിയിരുന്നു. അന്നും സി.പി.ഐ പരസ്യ പ്രതിഷേധവും സമരവും നടത്തിയിരുന്നെങ്കിലും സി.പി.എം പഞ്ചായത്തിനെതിരെ രംഗത്തിറങ്ങിയിരുന്നില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രവർത്തനം ശക്തമാക്കാൻ കൂടിയ യോഗത്തിൽ ഇതടക്കമുള്ള തർക്കങ്ങൾ സി.പി.ഐ ഉയർത്തിരുന്നെന്നും എന്നാൽ ഇത്തരം വിഷയങ്ങൾ ഇനിയുണ്ടാകില്ലെന്നും എല്ലാവിഷയത്തിലും ഒന്നിച്ചുപോകുമെന്നുമുള്ള നിലപാടാണ് ഇരുപാട്ടികളുടെയും നേതൃത്വം സ്വീകരിച്ചത്. ഈ തീരുമാനമാണ് സി.പി.എം അട്ടിമറിച്ചതെന്ന് സി.പി.ഐ നേതാക്കൾ ആരോപിച്ചു.പത്തുവർഷക്കാലം ജോലിപരിചയമുള്ളവരെ പോലും ഒഴിവാക്കിയാണ് നിയമനമെന്നും നീതികേടിനെതിരെ രാഷ്ട്രീയമായും നിയമപരമായും പോരാട്ടം നടത്തുമെന്നും പാർലമെന്ററി പാർട്ടിനേതാക്കളായ പി.ഡി.ഗഗാറിനും ബിന്ദു ഷിബുവും പറഞ്ഞു. ഇറങ്ങിപ്പോക്കിനു ശേഷം പഞ്ചായത്തിനു മുന്നിൽ സി.പി.ഐ നടത്തിയ ധർണ പി.ഡി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി എസ്.ഷിജി അദ്ധ്യക്ഷനായി.ജില്ലാകമ്മിറ്റിയംഗം സന്ധ്യാബെന്നി,കെ.സി.ജേക്കബ്,പി.എം.വിദ്യാധരൻ,ഭാർഗവൻ,പിഡി.പ്രദീപ്,പുഷ്പദാസ്,എസ്.കെ.പ്രകാശൻ,രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.