ഹരിപ്പാട് : താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയുടെ വയറ്റിൽ രക്തം അടിഞ്ഞുകൂടി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാതായി പരാതി. പെണ്ണുക്കര ആലാ സ്വദേശിനിയ്ക്കാണ് പ്രസവത്തെ തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. സംഭവത്തിൽ യുവതിയുടെ മാതാവ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ജെയിൻ ജേക്കബിനെതിരെ ഹരിപ്പാട് പൊലീസിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.
പ്രസവത്തിനായി യുവതിയെ വീട്ടുകാർ ജൂലായ് 23 ന് രാത്രി 11 മണിയോടുകൂടി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 24 ന് പുലർച്ചെ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. മൂന്നുദിവസം കഴിഞ്ഞപ്പോൾ യുവതിയുടെ ശരീരമാസകലം നീര് വന്ന് വീർക്കുകയും തുടർന്ന് 27ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വയറിൽ രക്തവും മാലിന്യങ്ങളും അടിഞ്ഞു കിടക്കുന്നതായി കണ്ടെത്തി. യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുമായിരുന്നു. പിന്നീട് വീണ്ടും ആഗസ്റ്റ് എട്ടിന് ശസ്ത്രക്രിയ നടത്തി വയറ്റിൽ അടിഞ്ഞുകൂടിയ രക്തവും മാലിന്യങ്ങളും നീക്കം ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.