ചെന്നിത്തല: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിൽ തുടരുന്ന ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ വള്ളാംകടവ് പാലത്തറയിൽ സുലു സോമന്റെ ജീവൻ സംരക്ഷിക്കാനായി നാടൊന്നിച്ചപ്പോൾ സമാഹരിച്ചത് 712321 രൂപ. രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും യോഗം വിളിച്ച് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ സർവ്വകക്ഷിയോഗ തീരുമാനപ്രകാരം ജനകീയ ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ ചെന്നിത്തല പഞ്ചായത്തിലെ പതിനെട്ടു വാർഡുകളിലുമായാണ് ധനസമാഹരണം നടത്തിയത്.
കൊവിഡ് ബാധിച്ച് അച്ഛൻ സോമൻ മരിച്ചതിനുശേഷം കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തി വരികയായിരുന്ന സുലു സോമൻ 2022 ലാണ് വൃക്കരോഗബാധിതനായത്. രോഗം മൂർച്ഛിച്ചതോടെ പരുമലയിലെ സ്വകാര്യാശുപത്രിയിലെ പരിശോധനയിൽവൃക്ക മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. അമ്മ സാലി വൃക്ക നൽകാൻ തയ്യാറായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർ ചികിത്സയ്ക്കായി 15 ലക്ഷം രൂപയോളം വേണ്ടി വരുമെന്നതിനാലാണ് ജനകീയ ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്തിയത്. സ്വരൂപിച്ച തുക ജനകീയ ചികിത്സാ സഹായ സമിതിയുടെ കൺവീനറും ഗ്രാമപഞ്ചായത്തംഗവും അപ്പർ കുട്ടനാട് കാർഷിക വികസന സമിതി ചെയർമാനുമായ ഗോപൻ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന് കൈമാറി.