ആലപ്പുഴ: ചേർത്തല നിയോജക മണ്ഡലത്തിലെ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ മൂന്നാം ഘട്ട നിർമ്മാണോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. അർത്തുങ്കൽ ഹാർബർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. കേന്ദ്ര മത്സ്യബന്ധന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി പി. പ്രസാദ്, കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ , കെ.സി.വേണുഗോപാൽ എം.പി എന്നിവർ മുഖ്യാതിഥികളാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്‌സ് വർഗീസ്, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അർത്തുങ്കൽ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ നിരന്തര അഭ്യർത്ഥന പ്രകാരം 1991 ലാണ് അർത്തുങ്കൽ ഫിഷ് ലാൻഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ആദ്യ ഘട്ട പ്രവൃത്തികൾക്ക് സുനാമി പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചതനുസരിച്ച് 140 മീറ്റർ നീളത്തിൽ രണ്ട് പുലിമുട്ടുകളും മറ്റ് അത്യാവശ്യ അനുബന്ധ പ്രവൃത്തികളും പൂർത്തീകരിച്ചിരുന്നു. രണ്ടാം ഘട്ട വികസന പ്രവൃത്തികൾക്കായി 2012ൽ 75 ശതമാനം കേന്ദ്ര ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കേ പുലിമുട്ട് 260 മീറ്റർ വരെ, തെക്കേ പുലിമുട്ട് 510 മീറ്റർ, മറ്റ് അനുബന്ധ പ്രവൃത്തികൾ എന്നിവയും പൂർത്തീകരിച്ചു. 30 ശതമാനത്തോളം പദ്ധതികൾ പൂർത്തീകരിച്ചു. മൂന്നാം ഘട്ട പ്രവൃത്തികൾക്കായി 100 ശതമാനം തിരിച്ചടവുളള കേന്ദ്ര സർക്കാർ ഫിഷറീസ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് ഫണ്ടിൽ ഉൾപ്പെടുത്തി 150.73 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.