മാന്നാർ : പരുമല മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തി ശിവദാസ് യു.പണിക്കർ. കടപ്ര മണ്ഡലം കമ്മറ്റിയെ പരുമല, കടപ്ര എന്നിങ്ങനെ രണ്ട് മണ്ഡലം കമ്മറ്റികളാക്കി വിഭജിച്ചപ്പോൾ പരുമലയിൽ ആദ്യ പ്രസിഡന്റായി ശിവദാസ് യു.പണിക്കരെയാണ് നിയമിച്ചത്. എന്നാൽ ആറുമാസം തികയും മുമ്പേ അദ്ദേഹം രാജിവച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ആറ് പ്രസിഡന്റുമാരാണ് ഇവിടെ ഉണ്ടായത്.
ശിവദാസ് രാജിവച്ചപ്പോൾ ഗോപി ഉലവത്ത് പറമ്പിലിനെയാണ് പ്രസിഡന്റാക്കിയത്. ഇദ്ദേഹത്തെ അംഗീകരിക്കുവാൻ പരുമലയിലെ ബഹുഭൂരിപക്ഷം പ്രവർത്തകരും തയ്യാറാകാതിരുന്നതോടെ പിന്നീട് മോഹനൻ ചാമക്കാലയെ പ്രസിഡന്റായി നിയമിച്ചു. ഇതിനിടയിൽ പുനഃസംഘടന വന്നതോടെ മോഹനനെ മാറ്റി തോമസ് സാം പ്രസിഡന്റായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഭാര്യയെ മത്സരിപ്പിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളായതിനാൽ സാമിനെതിരെ പാർട്ടിയിൽ കലാപക്കൊടി ഉയർന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരുമല മണ്ഡലം കമ്മറ്റി തന്നെ പിരിച്ച് വിടുകയും ഇവിടുത്തെ ചുമതല കsപ്ര മണ്ഡലം പ്രസിഡന്റ് തോമസ് പി.വർഗീസിന് നൽകുകയും ചെയ്തു. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പരുമലക്ക് പുതിയ മണ്ഡലം പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമായതോടെ കഴിഞ്ഞ ദിവസം പ്രസിഡന്റായി ശിവദാസ് യു.പണിക്കരെ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.