മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് വടക്ക് ഭാഗത്തെ വലിയ കുളത്തിന്റെയും കണ്ടിയൂർ മഹാദേവ ക്ഷേത്രക്കുളത്തിന്റെയും നവീകരണത്തിന് 1.73 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു.
വലിയകുളത്തിന് ഒരു കോടിയും മഹാദേവർ ക്ഷേത്രക്കുളത്തിന് 50 ലക്ഷവും മുമ്പ് ബഡ്ജറ്റിൽ അനുവദിച്ചിരുന്നു. രണ്ടു പദ്ധതികൾക്കും തുകകൾ പര്യാപ്തമല്ലെന്ന് കണ്ടെത്തിയപ്പോൾ വിശദമായ പദ്ധതിരേഖ തയ്യാറാക്കി. കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെ ആഴം കൂട്ടി തകരാറിലായ സംരക്ഷണ ഭിത്തിയും കടവുകളും നിർമിച്ച് കുളത്തിനു ചുറ്റും നടപ്പാത നിർമിക്കുകയും ചെയ്യുന്നതിന് ജി.എസ്.ടി അടക്കം 54,20,000 രൂപയും വലിയ കുളത്തിന്റെ ആഴം കൂട്ടി സംരക്ഷണ ഭിത്തിയും കടവും നിർമിക്കുന്നതിന് ജി.എസ്.ടി അടക്കം 1,19,00,000 രൂപയും ഉൾപ്പെടെ 173.20 ലക്ഷം രൂപ ചെലവാകുമെന്ന് കണ്ടെത്തി. മൈനർ ഇറിഗേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ സാങ്കേതിക അനുമതി നൽകുന്നതോടെ , ഓണ അവധിക്ക് ശേഷം ടെണ്ടർ ചെയ്ത് പ്രവർത്തനങ്ങൾ ആരംഭിക്കും.