കുട്ടനാട്: കുട്ടനാട്ടിലെ റേഷൻകടകളിൽ എല്ലാ മാസവും റേഷൻ സാധനങ്ങൾ എത്തുന്നത് വൈകുന്നതായി പരാതി . നൂറ് കണക്കിന് കടയുടമകളാണ് ഇത് കാരണം ബുദ്ധിമുട്ടിലാകുന്നത്. റേഷൻ വിതരണത്തിലെ താളപിഴ കാരണം കാർഡ് ഉടമകളും കടക്കാരും തമ്മിൽ വാക്കേറ്റത്തിന് വഴിയൊരുക്കുന്നു. മാസത്തിന്റെ അവസാന നാളുകളിലാണ് കടകളിൽ റേഷൻ സാധനങ്ങൾ എത്തുന്നത്. ഇതിനാൽ സാധനങ്ങൾ വാങ്ങാൻ റേഷൻ കടകളുടെ മുമ്പിൽ നീണ്ട ക്യൂവാണ്. ഇതിനിടെ ഇ-പോസ് യന്ത്രം പണിമുടക്കിയാൽ റേഷൻ വിതരണവും മുടങ്ങും. പലകാർഡ് ഉടമകൾക്കും പല മാസങ്ങളിലും സാങ്കേതിക പ്രശ്നങ്ങനങ്ങളാൽ റേഷൻ കിട്ടാതെ വരുന്നുണ്ടെന്ന വ്യാപക പരാതിയാണ്. സെപ്തംബർ മുതൽ കോൺട്രാക്ടർമാർ കൂടി സമരം ആരംഭിക്കുമെന്നാണ് ആൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത് . ഇതോടെ കുട്ടനാട് താലൂക്കിലെ റേഷൻ വിതരണത്തിലുള്ള പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ഓണക്കാലത്ത് റേഷൻ ലഭിക്കാതെ കാർഡ് ഉടമകൾ നെട്ടോട്ടം ഓടേണ്ട സ്ഥിതിയാകും. ഈ പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈ അധികൃതർ തയ്യാറാകണമെന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.