ph

കായംകുളം: കളങ്കമില്ലാത്ത കമ്മ്യൂണിസ്റ്റ് ആയിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവ് അഡ്വ.എം.ആർ രാജശേഖരൻ. കായംകുളത്ത് പാർട്ടിയെ ശക്തിപ്പെടുത്തിയവരി പ്രധാനിയുമായിരുന്നു. കായംകുളം മുനിസിപ്പൽ ചെയർമാനായും സി.പി.എം കായംകുളം ഏരിയാ കമ്മറ്റി സെക്രട്ടറിയായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പൊതുജീവിതത്തിൽ സംശുദ്ധത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം.

കായംകുളം കെ.സി.ടിയുട‌െ പ്രസിഡന്റ് കരീലക്കുളങ്ങര സ്പിന്നിംഗ് മിൽ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം രഷ്ടീയപ്രവർത്തനം ജനസേവനമായാണ് കണ്ടത്. ശാസ്താംകോട്ട ഡി.ബി കോളേജ് അദ്ധ്യാപകനായിരുന്ന രാജശേഖരൻ റിട്ടയർ ചെയ്തശേഷം മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി മാറി.

കെ.സി.ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായിമാറിയത് അദ്ദേഹത്തിന്റെ രാഷ്ടീയ ബന്ധങ്ങളായിരുന്നു. ഇന്നത്തെ സി.പി.എം ഓഫീസ് നിൽക്കുന്ന സ്ഥലം വാങ്ങുവാനും കെട്ടിടം നിർമ്മിക്കുവാനും മുൻപന്തിയിൽ പ്രവർത്തിച്ചു.

അവസാനം പാർട്ടി ഏരിയാ കമ്മറ്റി അംഗം മാത്രമായി മാറിയെങ്കിലും അതൊന്നും അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല. കായംകുളം സഹകരണസംഘം പ്രസിഡന്റ് എന്ന നിലയിൽ സഹകരണ രംഗത്തും സജീവമായിരുന്നു. അഡ്വ.എം.ആർ രാജശേഖരന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മരുതനാട് വീട്ടുവളപ്പിൽ നടക്കും .വിലാപയാത്ര രാവിലെ 9.30 ന് വീട്ടിൽ നിന്നും ആരംഭിക്കും.10.30 വരെ സി.പി.എം‌ ഏരിയാ കമ്മറ്റി ഓഫീസിലും പിന്നീട് കോടതി,മുൻസിപ്പൽ ഓഫീസ്, കായംകുളം സഹകരണ ബാങ്ക് എന്നിവിടങ്ങളിലും പൊതുദർശനത്തിന് വയ്ക്കും.