ആലപ്പുഴ: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട എം.മുകേഷ്, എം.എൽ.എ സ്ഥാനം രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിൽ ഒരു തരത്തിലുള്ള തർക്കവുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തർക്കമുണ്ടെന്നത് വ്യാമോഹം മാത്രമാണ്. മുകേഷ് വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സി.പി.ഐയിൽ ഒരു തർക്കവുമില്ല.
ആനിരാജ എൻ.എഫ്.ഐ.ഡബ്ല്യു നേതാവും പാർട്ടി ദേശീയ സെക്രട്ടേറിയറ്റംഗവുമാണ്. കേരളത്തിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യം പറയാൻ ഇവിടെ സംസ്ഥാന നേതൃത്വവും സെക്രട്ടറിയുമുണ്ട്. അത് എല്ലാവർക്കും ബോദ്ധ്യമുള്ള അടിസ്ഥാനപാഠമാണ്. മറിച്ച് ആർക്കെങ്കിലും തോന്നിയാൽ അത് സി.പി.ഐയുടെ കുറ്റമല്ല. ആനിരാജയെ തള്ളുകയാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ,നിങ്ങൾ എഴുതാപ്പുറം വായിക്കുകയാണെന്നായിരുന്നു മറുപടി.