ചേർത്തല: ആരോഗ്യ, പശ്ചാത്തല മേഖലയ്ക്ക് ഊന്നൽ നൽകി എസ്.എൻ ട്രസ്റ്റിന്റെ 2024–2025 വർഷത്തെ ബഡ്ജറ്റ്. 152.49 കോടിയുടെ ബഡ്ജറ്റ് ചേർത്തല എസ്.എൻ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന 71ാമത് വാർഷിക പൊതുയോഗത്തിൽ അസി.സെക്രട്ടറി തുഷാർ വെള്ളാപ്പള്ളിയാണ് അവതരിപ്പിച്ചത്. പനി ബാധിച്ചതിനാൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗത്തിൽ പങ്കെടുത്തില്ല.
2023 - 2024 വർഷത്തെ റവന്യു കണക്കും ബാക്കിപത്രവും അംഗീകരിച്ചു. ട്രസ്റ്റ് ബോർഡിൽ നിന്നുള്ള 15 അംഗങ്ങളെ ഉൾപ്പെടുത്തി എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ കമ്മിറ്റിയും രൂപീകരിച്ചു.
ചെയർമാൻ ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻബാബു, ഓഡിറ്റർ അബ്ദുൾ റഹിം എന്നിവർ സംസാരിച്ചു. തുഷാർ വെള്ളാപ്പള്ളി സ്വാഗതവും ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം അരയാക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു.
ആശുപത്രികൾക്ക്
₹ 61 കോടി
ആശുപത്രികളുടെ നവീകരണത്തിന് ഉൾപ്പെടെ 61 കോടി രൂപ വകയിരുത്തി
എയ്ഡഡ് സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾക്കും അറ്റകുറ്റപ്പണിക്കും 14 കോടി
എയ്ഡഡ് കോളേജുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ 8 കോടി
സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകൾക്കും സെൻട്രൽ സ്കൂളുകൾക്കും ഓരോ കോടി വീതം