ചേർത്തല: അടിസ്ഥാന വർഗം ദേവസ്വം ബോർഡിൽ നിന്ന് നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ ബോർഡിൽ പിന്നാക്ക, പട്ടിക ജാതി, പട്ടിക വർഗ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് എസ്.എൻ.ട്രസ്റ്റിന്റെ 71ാമത് വാർഷിക പൊതുയോഗം അംഗീകരിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം കണ്ടെത്തുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് പരിഹരിക്കുന്നതിനും സ്ഥാപനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഒഴിവുള്ള ഇടങ്ങളിൽ പ്രാദേശിക ഡയറക്ടർമാരെയും സ്ഥിരം ജീവനക്കാരെയും നിയമിക്കുന്നതിനും നടപടി സ്വീകരിക്കണം. അധികാരവും സമ്പത്തും ന്യൂനപക്ഷങ്ങൾ കൈയ്യടക്കുന്നത് ഭൂരിപക്ഷത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലേയ്ക്ക് മാറി. സി.ബി.എസ്.ഇ പാഠപുസ്തകത്തിൽ ശ്രീനാരായണ ഗുരുവിനെ അവഹേളിക്കുന്ന തരത്തിലുള്ള നടപടികൾ പോലുമുണ്ടായി. കലാമണ്ഡലം സത്യഭാമ നൃത്താദ്ധ്യാപകനായ ഡോ.ആർ.എൽ.വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അപഹസിച്ചത് നാടിന് അപമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ചേർത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. ചെയർമാൻ ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു. ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ.രാജൻ ബാബു,ഓഡിറ്റർ അബ്ദുൾ റഹിം, ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മോഹൻ ശങ്കർ, എൻ.രാജേന്ദ്രൻ,പി.എൻ.നടരാജൻ,എ.സോമരാജൻ,ഡി.പ്രേംരാജ്,പി.സുന്ദരൻ,സംഗീത വിശ്വനാഥൻ,മേലാങ്കോട് സുധാകരൻ,അജി എസ്.ആർ.എം,അശോകപ്പണിക്കർ,കെ.പത്മകുമാർ,എ.ജി.തങ്കപ്പൻ,കെ.ആർ.ഗോപിനാഥൻ, ഡോ.എ.വി.ആനന്ദരാജ്,ബിനീഷ് പ്ലാത്താനത്ത് എന്നിവർ പങ്കെടുത്തു.