ആലപ്പുഴ : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നെഹ്റു ട്രോഫി ജലമേള നടത്തുന്നതിൽ തീരുമാനമാകാത്തതിനെതിരെയും മേള ഉപേക്ഷിക്കാനുള്ള നീക്കത്തിനെതിരെയു ആലപ്പുഴയിൽ പ്രതിഷേധം ശക്തമാകുന്നു. ആദ്യഘട്ടത്തിൽ പ്രതിഷേധ ജാഥയും നിരാഹാരസമരവും തുടർന്ന് അനിശ്ചിതകാല സമര പരിപാടികളും നടത്താനാണ് വള്ളംകളി സംരക്ഷണ സമിതിയുടെ തീരുമാനം.
ജലമേള ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി ജില്ലയിലെ എം.പിമാരും രംഗത്തെത്തി. ഈ ആവശ്യം ഉന്നയിച്ച് കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ജലമേളയെ തകർക്കുവാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്നാഴ്ച്ചകളായി ജലമേളയുടെ നടത്തിപ്പ് സംബന്ധിച്ച് യാതൊരു തീരുമാനവും സർക്കാർ തലത്തിലുണ്ടായിട്ടില്ല. ജില്ലാ കളക്ടർമാരുടെ യോഗം ഇന്നലെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടുണ്ട്. ഇന്ന് യോഗത്തിന് ശേഷം ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് വിഷയം മുഖ്യമന്ത്രിയുമായി നേരിൽ സംസാരിക്കുമെന്നാണ് പ്രതീക്ഷ. ബോട്ട് റെയ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം സമർപ്പിച്ചിട്ടും അനുകൂല പ്രതികരണമുണ്ടായിരുന്നില്ല. ഇതിനിടെ ബേപ്പൂരിൽ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റും, തിരുവനന്തപുരത്ത് നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ നടത്താനും കോടികൾ ഫണ്ട് അനുവദിച്ച് കഴിഞ്ഞയാഴ്ച ടൂറിസം വകുപ്പ് ഉത്തരവിറക്കി.
വള്ളംകളിക്ക് മാത്രം വിലക്ക്
1.നെഹ്റുട്രോഫി ജലമേളയെ തഴയുകയും കോടികൾ ചെലവഴിച്ച് ഇതര ഇടങ്ങളിൽ ആഘോഷ പരിപാടികൾ നടത്താൻ ശ്രമിക്കുന്നതും വള്ളംകളി പ്രേമികൾക്കിടയിൽ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കി
2.ഈ മാസം 23ന് പുറത്തിറക്കിയ ഉത്തരവിൽ ബേപ്പൂർ ഫെസ്റ്റിന് രണ്ട് കോടി 45 ലക്ഷം രൂപയും, നിശാഗന്ധി ഫെസ്റ്റിന് ഒരു കോടി 72 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്
നെഹ്റു ട്രോഫിക്ക് രജിസ്റ്റർ ചെയ്തത്
19 ചുണ്ടൻ വള്ളങ്ങൾ
ഇതിനകം ഓരോ ക്ലബ്ബുകളുംമുടക്കിയത്
80 ലക്ഷം
വള്ളംകളി ഉപേക്ഷിക്കരുതെന്ന് എം.പിമാർ
വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കുവാൻ സർക്കാർ തയ്യാറാകണം
- കെ.സി.വേണുഗോപാൽ എം.പി
വള്ളംകളിയെ തഴഞ്ഞ് സ്ഥാപിത താൽപര്യങ്ങൾക്കായി യാതൊരു പാരമ്പര്യവുമില്ലാത്ത മറ്റ് പരിപാടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ കുട്ടനാട്ടിലെ ബോട്ട് ക്ലബ്ബുകളുമായി ചേർന്ന് പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും
- കൊടിക്കുന്നിൽ സുരേഷ് എം.പി