മാന്നാർ: ഏറെ നാളുകളായി തകർന്നുകിടക്കുന്ന പരുമലക്കടവ് - കടപ്രമഠം റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയാകുന്നു. മാന്നാർ ടൗണിലേക്ക് എത്തിപ്പെടാൻ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ഏറ്റവുംകൂടുതൽ ആശ്രയിക്കുന്ന റോഡിലെ തകർന്നു കിടക്കുന്ന ഓടാട്ട് ക്ഷേത്ര ജംഗ്ഷൻ ഉൾപ്പെടുന്ന കോളച്ചാൽ കലുങ്ക് വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് പുനർ നിർമ്മിക്കാൻ ഏഴരലക്ഷം രൂപയ്ക്ക് കരാർ നൽകി.
കായംകുളം-തട്ടാരമ്പലം ഭാഗത്തു നിന്നും ഹരിപ്പാട്- വീയപുരം ഭാഗത്തു നിന്നും വരുന്നവർക്ക് ടൗണിലെ തിരക്കിൽപ്പെടാതെ പരുമലക്കടവിനു വടക്കുവശത്തു എത്തിച്ചേരാൻ കഴിയുന്ന തിരക്കുള്ള ഗ്രാമീണ റോഡാണിത്. ടിപ്പർ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾ കൂടുതലായി കടന്നു പോകുന്നതും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഇല്ലാത്തതുമാണ് റോഡിന്റെ തകർച്ചക്ക് പ്രധാന കാരണമായത്.
മാന്നാർ ഗ്രാമപഞ്ചായത്തിലെ 3,5 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിന്റെ ഒരു ഭാഗം ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുവർഷം മുമ്പ് പുനർനിർമ്മിച്ചിരുന്നു. പരുമലക്കടവിന് പടിഞ്ഞാറ് അഞ്ചാം വാർഡിൽപ്പെട്ട ഓടാട്ട് ക്ഷേത്ര ജംഗ്ഷൻ ഉൾപ്പെടുന്ന ഭാഗം 2021ഡിസംബറിൽ പ്രളയഫണ്ട് ഉപയോഗിച്ചാണ് പുനർനിർമ്മിച്ചത്. നിർമ്മാണം നടന്ന് ഒരുവർഷം പിന്നിട്ടപ്പോൾ വീണ്ടും വെള്ളംകയറി റോഡിലെ ടാറിംഗ് ഇളകിയതോടെയാണ് ദുരിതയാത്രയ്ക്ക് തുടക്കമായത്.
നിർമ്മാണത്തിന് തടസമായത് പെരുമാറ്റച്ചട്ടം
1.കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോളച്ചാൽ കലുങ്ക് വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് പുനർ നിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ടിൽ 7.5 ലക്ഷം രൂപ വകയിരുത്തിയിരുന്നു
2.ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ നിർമ്മാണം നീണ്ടു. ദുരിതയാത്രയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ പഴി കേൾക്കുകയും നാട്ടുകാർ വാഴ നട്ട് പ്രതിഷേധിക്കുകയും ചെയ്തു
3.പിന്നീട് കുട്ടംപേരൂർ ഉപതിരഞ്ഞെടുപ്പും ടെൻഡർ നടപടികൾക്ക് തടസമായി. കഴിഞ്ഞ ദിവസമാണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയത്
ടെണ്ടർ തുക
7.5 ലക്ഷം
ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ടെണ്ടർ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. അടുത്ത പഞ്ചായത്ത് കമ്മിറ്റിയിൽ തന്നെ അംഗീകാരം നേടി എത്രയും പെട്ടെന്ന് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നിർമ്മാണം പൂർത്തിയാക്കി ഓണസമ്മാനമായി റോഡ് സമർപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്
- ഷൈന നവാസ്, ടൗൺ വാർഡ് മെമ്പർ