ആലപ്പുഴ: നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷയുടെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ മാലമോഷണം പോയ സംഭവത്തിൽ ആരോപണ വിധേയനായ താത്കാലിക ജീവനക്കാരനെ നഗരസഭ സംരക്ഷിക്കുന്നുവെന്ന് ആരോപണം. ഡ്രൈവറായിരുന്ന ജീവനക്കാരനെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കണ്ടിജൻസി വിഭാഗത്തിൽ റോഡ് പണിയിലേക്ക് മാറ്റിയെന്ന നഗരസഭാദ്ധ്യക്ഷയുടെ വിശദീകരണത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചു. കൗൺസിൽ യോഗത്തിൽ അജണ്ട നിശ്ചയിച്ച വിഷയങ്ങൾക്ക് മുമ്പ് വിവാദം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് അഡ‌്വ.റീഗോ രാജു ആവശ്യപ്പെട്ടു. 'മാല കളളനെ നഗരസഭ പുറത്താക്കുക' എന്ന പ്ലക്കാർഡുയർത്തി ബി.ജെ.പി അംഗങ്ങളായ മനു ഉപേന്ദ്രനും സുമയും പ്രതിഷേധിച്ചു. ഭരണസമിതിക്കെതിരെ സി.പി.ഐ അംഗങ്ങളും രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ സൗത്ത് പൊലീസ് സ്ഥലത്തെത്തി. മാല കളഞ്ഞുപോയെന്ന് ഉദ്യോഗസ്ഥൻ പരാതി നൽകിയിരുന്നെങ്കിലും, പിന്നീട് കിട്ടിയതായി അറിയിച്ചു. രേഖാമൂലം പരാതി നൽകിയാൽ അന്വേഷണമുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ഭരണപക്ഷത്തിനെതിരെ സി.പി.ഐ
മുന്നണി സംവിധാനത്തിന് നിരക്കാത്ത കാര്യങ്ങളാണ് നഗരസഭയിൽ നടക്കുന്നതെന്ന് സി.പി.ഐ അംഗങ്ങൾ വിമർശിച്ചു. പാർക്ക് നവീകരണവുമായി ബന്ധപ്പെട്ട നിയമനത്തിൽ വ്യവസ്ഥകൾ പാലിച്ചില്ല. കേന്ദ്രപദ്ധതിയാണെങ്കിലും ആളുകളെ നിയമിക്കുന്നത് നഗരസഭയാണ്. ഏതെങ്കിലും സർക്കുലറിന്റെ പേരിൽ നിയമനം ആർക്കെങ്കിലും തീറെഴുതി കൊടുക്കുന്നത് അംഗീകരിക്കില്ലെന്നും മാനദണ്ഡം പാലിക്കാതെ നടത്തിയ കുടുംബശ്രീ നിയമനം പുനപരിശോധിക്കണമെന്നും സി.പി.ഐ പാർലമെന്ററി പാർട്ടി ലീഡർ ഡി.പി മധു ആവശ്യപ്പെട്ടു. പിന്തുണയുമായി സി.പി.ഐ അംഗങ്ങളായ ബി.നസീറും കെ.എസ്.ജയനും രംഗത്തെത്തി.

കുത്തിയിരുന്ന് പ്രതിഷേധിച്ചു

കൊറ്റംകുളങ്ങര വാർഡിൽ പൊളിച്ചിട്ട റോഡുകളുടെ പണി സമയബന്ധിതമായി പൂർത്തിയാക്കാത്തതിലും, കൊമ്മാടി ഭാഗത്തെ അനധികൃത കെട്ടിട നിർമ്മാണങ്ങൾക്ക് ജനപ്രതിനിധികൾ കുടപിടിക്കുന്നുവെന്നും ആരോപിച്ച് ബി.ജെ.പി കൗൺസിലർ മനു ഉപേന്ദ്രൻ കൗൺസിലിന്റെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൗൺസിൽ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങിയ കോൺഗ്രസ് അംഗങ്ങൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യംവിളിച്ച് രംഗത്തെത്തി. കൗൺസിലർമാരായ അഡ്വ.റീഗോ രാജു, പി.എസ്.ഫൈസൽ, കൊച്ചുത്രേസ്യാമ്മ ജോസഫ്, ബിജി ശങ്കർ, അമ്പിളി അരവിന്ദ്, സുമം സ്കന്ദൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റഹിം വെറ്റക്കാരൻ, റിനു ഭൂട്ടോ, അൻസിൽ ജലീൽ, ബിലാൽ മുഹമ്മദ്, തൻസിൽ നൗഷാദ്, എം.നീനു, ഷാജി ജമാൽ, ഷിജു താഹ,പീറ്റർ ലാക്സിൻ, സജീർ, ശിവൻപിള്ള തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.