medical

കായംകുളം: ഏഴു വയസുകാരന്റെ തുടയിൽ ഇൻജക്ഷൻ സൂചി തുളച്ചുകയറിയ സംഭവത്തിൽ കായംകുളം താലൂക്ക് അശുപത്രിയിലെ ഒമ്പത് ജീവനക്കാർക്കെതിരെ നടപടി. ഏഴ് സ്റ്റാഫ് നഴ്സുമാരെയും ഒരു നഴ്സിംഗ് അസിസ്റ്റന്റിനെയും ഗ്രേഡ് രണ്ട് ജീവനക്കാരിയേയും സ്ഥലംമാറ്റി ഡി.എം.ഒ ഡോ.ജമുന വർസ് ഉത്തരവിട്ടു.

നഴ്സുമാരിൽ നാലുപേരെ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കും രണ്ടുപേരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കും ഒരാളെ ആലപ്പുഴ ജനറൽ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. ഡി.എം.ഒ വ്യാഴാഴ്ച കായംകുളത്തെത്തി തെളിവെടുത്തിരുന്നു. കഴിഞ്ഞമാസം 19നായി​രുന്നു സംഭവം. പനി ബാധിച്ച് അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി കട്ടിലിൽ കിടത്തിയപ്പോഴാണ്, ഉപയോഗിച്ച ശേഷം കട്ടിലിൽ അലക്ഷ്യമായി ഇട്ടിരുന്ന സൂചി തുളച്ചുകയറിയത്.

മറ്റൊരു രോഗിയെ കുത്തിവച്ച ശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് ജീവനക്കാർ കട്ടിലിൽ ഇട്ടിട്ട് പോയതാണ് ഇതി​നി​ടയാക്കി​യത്. സൂചി കുത്തിക്കയറിയതിനാൽ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ച് എച്ച്.ഐ.വി ഉൾപ്പെടെയുള്ള നിരവധി ടെസ്റ്റുകൾ നടത്തേണ്ടി വന്നു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മനുഷ്യവകാശ കമ്മിഷനും കേസെടുത്തിരുന്നു.