ചാരുംമൂട് : സ്വന്തമായി വീടില്ലാതെ വാടകവീട്ടിൽ കഴിഞ്ഞു വന്ന കണ്ണനാകുഴി റോ വില്ലയിൽ റീനയ്ക്ക് വീടൊരുങ്ങി. പൊതുപ്രവർത്തകരായ രതീഷ് കുമാർ കൈലാസം, രേഖ സുരേഷ്, രഞ്ജിത് മഹാസ് എന്നിവരുടെ ശ്രമഫലമായാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്.
2021- 22ൽ ഭൂമിയും വീടും അനുവദിച്ചെങ്കിലും ലൂഫസ് നേഫ്രറൈറ്റ്സ് എന്ന അസുഖബാധിതയായ റീനയ്ക്ക് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ആദ്യ ഗഡുവായി കിട്ടിയ തുക ആശുപത്രിയിൽ ചിലവാകുകയും ചെയ്തു. പഞ്ചായത്തിൽ നിന്ന് പലതവണ ഉദ്യോഗസ്ഥർ വീട് നിർമ്മാണം പൂർത്തിയാക്കാൻ സമീപിച്ചെങ്കിലും പണി തുടങ്ങാൻ കഴിയാത്ത സാഹചര്യം ആയിരുന്നു.
വ്യാപാര സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു വരുന്ന റീന മക്കളുടെ വിദ്യാഭ്യാസ ചിലവും, വീട്ടുവാടകയും ചികിത്സാ ചിലവും കണ്ടെത്താൻ കഴിയാതെ വലയുകയായിരുന്നു.
റീനയുടെ ഈ അവസ്ഥ നേരിട്ട് ബോദ്ധ്യപ്പെട്ട രതീഷ് കുമാർ കൈലാസം, രേഖ സുരേഷ്, രഞ്ജിത് മഹാസ് എന്നിവർ വീടിന്റെ നിർമ്മാണച്ചുമതല ഏറ്റെടുത്തു. ലൈഫ് ഭവന പദ്ധതിയിലെ 3,80,000രൂപയും കറ്റാനം പോപ്പയസ് 1998 എസ് .എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മ നൽകിയ 1,00,600 രൂപയും, വിവിധ വ്യക്തികളിൽ നിന്ന് സമാഹരിച്ച 3,45,000രൂപയും വിനിയോഗിച്ചാണ് 450 ചതുരശ്ര അടിയിലുള്ള വീട് പൂർത്തിയാക്കിയത്. അഞ്ച് മാസം കൊണ്ട് പൂർത്തീകരിച്ച വീടിന്റെ താക്കോൽ റീനയ്ക്ക് കൈമാറി. ചടങ്ങിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, വാർഡ് മെമ്പർമാരായ തൻസീർ കണ്ണനാകുഴി, സുരേഷ് കോട്ടവിള, ടി മന്മഥൻ, വി.വി .എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ.രതീഷ് കുമാർ, പി.സജികുമാർ, വിശ്വനാഥൻ ആചാരി, രാജമ്മ വിജയൻ എന്നിവർ പങ്കെടുത്തു.