മുഹമ്മ: ഓണപ്പാട്ടുകളും വട്ടക്കളിപ്പാട്ടുകളുമായി നാടുനീളെ സഞ്ചരിച്ച് ആളുകളെ ഓണാവേശത്തിലും നൃത്തച്ചുവടുകളിലും എത്തിക്കുന്നതിൽ ആശാനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ മുഹമ്മ ആര്യക്കര മറ്റത്തിൽ എം.കെ.രാജപ്പൻ (75). ചിങ്ങനിലാവിന്റെ മനോഹാരിതയും തുമ്പപ്പൂവിന്റെ നൈർമ്മല്യവും ചടുല താളവുംകൊണ്ട് സമ്പന്നമായിരുന്ന ആശാന്റെയും സംഘത്തിന്റെയും കൈകൊട്ടിക്കളിപ്പാട്ടുകൾ.
ഓണത്തെവും അസമത്തവും ശ്രീ നാരായണഗുരുവും മാത്രമല്ല, മിന്നാമിനുങ്ങും കാക്കയും കുയിലുമെല്ലാം അദ്ദേഹത്തിന്റെ പാട്ടുകൾക്ക് വിഷയമായി. ഇരുപതിലധികം വട്ടക്കളിപ്പാട്ടുകൾ അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ജന്മനാഒരു കൈയ്ക്കും ഒരു കാലിനും സ്വാധീനമില്ലാത്ത രാജപ്പൻ അശാൻ, മറ്റെകൈ തലയ്ക്കു മീതെ ഉയർത്തി പാടുമ്പോൾ, വട്ടക്കളിക്കാർ അത് ഏറ്റുപാടിക്കളിക്കുമ്പോൾ കാണികൾ ആവേശത്തിലാകും.
രാജപ്പൻ നല്ലൊരു നിലത്തെഴുത്താശാൻ കൂടിയായിരുന്നു. 1967-ൽ പത്താം ക്ലാസ് കഴിഞ്ഞ് തൊഴിലില്ലാതെ നിൽക്കുമ്പോഴായിരുന്നു
ഗോവിന്ദനാശാൻ തന്റെ കളരി അദ്ദേഹത്തിന് കൊടുത്തത്. അങ്ങനെ ആ കളരി രാജപ്പനാശാന്റെ ജീവിതമാർഗ്ഗമായി. നൂറു കണക്കിന് കുട്ടികൾക്ക് അദ്ദേഹം അക്ഷരജ്ഞാനം പകർന്നു നൽകി. അവരിൽ പലരും വിദേശത്ത് ഉൾപ്പടെ നല്ല നിലയിൽ ജീവിക്കുന്നു. അസുഖം കാരണം വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്ന രാജപ്പനാശാൻ, മാനം തെളിഞ്ഞ് ഓണ നിലാവ് പരന്നപ്പോൾ തന്നെ മറഞ്ഞത് ശിഷ്യരെയും നാട്ടുകാരെയും ഒരുപോലെ വേദനിപ്പിക്കുന്നുണ്ട്. ചിന്മയ ദേവിയാണ് ഭാര്യ. മകൻ: അഭിലാഷ്. മരുമകൾ: ലക്ഷ്മി (ഇരുവരും കാനഡ).