അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം ജംഗ്ഷനിൽ റോഡ് കുറുകെ കടക്കുന്നതിനിടെ സ്വകാര്യബസ് ഇടിച്ചു വീഴ്ത്തിയ വീട്ടമ്മ അതേ ബസിനടിയിൽപ്പെട്ട് തത്ക്ഷണം മരിച്ചു. എഴുപുന്ന പഞ്ചായത്ത് 14-ാം വാർഡ് അർച്ചന ഭവനിൽ അജയന്റെ ഭാര്യ മല്ലികയാണ് (59) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പാണാവള്ളിയിലെ മകളുടെ വീട്ടിലേക്ക് പോകാൻ ബസിറങ്ങിയ ശേഷം ജംഗ്ഷന്റെ പടിഞ്ഞാറ് ഭാഗത്തു നിന്നും കിഴക്കോട്ട് റോഡ് കുറുകെ കടന്ന മല്ലികയെ അമിതവേഗത്തിലെത്തിയ വൈറ്റില ഭാഗത്തേക്കുള്ള തിരുവാതിര എന്ന സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തു കയായിരുന്നു. ബസിന്റെ 2 ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന തിരക്കേറിയ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുള്ള നിർമ്മാണ കമ്പനിയുടെ മാർഷൽമാർ നോക്കി നിൽക്കവേയായിരുന്നു അപകടം .അരൂർ പൊലീസും ഫയർഫോഴ്സും ചേർന്നാണ് ചോരയിൽ കുളിച്ചു കിടന്ന മൃതദേഹം റോഡിൽ നിന്ന് ആംബുലൻസിൽ അരൂക്കുറ്റി ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് കുറച്ചു സമയം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. മക്കൾ: അർച്ചന, അനിൽകുമാർ. മരുമക്കൾ: മനോജ്, രേഷ്മ.