ആലപ്പുഴ: ജനപ്രതിനിധികൾക്ക് യോഗം ചേരണമെങ്കിൽ, ആദ്യം ക്ലീനിംഗ് സ്റ്റാഫ് എത്തി കൗൺസിൽ ഹാളിൽ തളം കെട്ടിക്കിടക്കുന്ന വെള്ളം തുടച്ചുമാറ്റണം. അല്ലെങ്കിൽ പലരും തെന്നിവീണേക്കും. മഴയിൽ ചോർന്നൊലിക്കുന്ന ആലപ്പുഴ നഗരസഭ കൗൺസിൽ ഹാളാണ് അവസ്ഥയാണിത്. മഴവെള്ളം തറയിൽ മാത്രമല്ല, കൗൺസിലർമാരുടെ മേശപ്പുറത്തടക്കം വീഴുന്നുണ്ട്. അദ്ധ്യക്ഷരുടെ ഡയസിന് മുകളിൽ ഉൾപ്പടെ മേൽക്കൂരയിലെ ലൈറ്റുകൾ ആടിത്തൂങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. നഗരസഭാ പ്രവർത്തനം ശതാബ്ദി മന്ദിരത്തിലേക്ക് മാറുമെന്ന ന്യായത്തിലാണ് പൊട്ടിവീണ ലൈറ്റ് പോലും നേരെയാക്കാൻ അധികൃതരോ ജീവനക്കാരോ മുതിരാത്തത്. ജനപ്രതിനിധികളുടെ മൈക്കുകളിൽ ഭൂരിപക്ഷവും പണിമുടക്കിലാണ്. സംസാരിക്കാൻ എഴുന്നേൽക്കുന്നവർക്ക് വേണ്ടി മൈക്കുമായി ഓടിനടക്കേണ്ട ചുമതല ജീവനക്കാർക്കാണ്.
ശതാബ്ദി മന്ദിരത്തിലേക്ക് മാറുമെന്ന് ന്യായം
1.നഗരസഭയിലെ 99 ശതമാനം ജനപ്രതിനിധികൾക്കും സമയം ഒരുപ്രശ്നമേയല്ല. യോഗ സമയത്തിന് മണിക്കൂറുകൾ ശേഷമാണ് ബഹുഭൂരിപക്ഷവും പതിവായി എത്താറുള്ളത്. കൃത്യസമയത്ത് യോഗം ചേർന്ന ചരിത്രമില്ലാത്തതിനാൽ എന്തിന് നേരത്തെ വന്ന് മുഷിയണമെന്നാണ് പലരും ചോദിക്കുന്നത്
2.അതേ സമയം, എല്ലാ കൗൺസിൽ യോഗങ്ങൾക്കും കൃത്യസമയത്ത് എത്തി. മണിക്കൂറുകളോളം കാത്തിരിക്കുന്ന ചുരുക്കം ചിലരുമുണ്ട്. താത്കാലിക ജീവനക്കാരൻ ഉൾപ്പെട്ട മോഷണ വിവാദത്തിന് പിന്നാലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വിവിധ കഥകളാണ് പ്രചരിക്കുന്നത്
3.ആരോപണ വിധേയനെ പുറത്താക്കാതെ ഉരുണ്ടുകളിക്കുന്ന ഭരണസമിതിക്ക് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തുന്നതാണ് പുതിയ കഥകൾ. മരിച്ച ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സഹായനിധി രൂപീകരിച്ച് പിരിച്ച തുകയുടെ കണക്ക് പോലും പുറത്ത് വന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്
4. വ്യാപാര സ്ഥാപനങ്ങളിൽ ബില്ല് കൊടുക്കാതെ ഇറങ്ങിപ്പോരുന്നതടക്കം നാണക്കേടുണ്ടാക്കുന്ന ആക്ഷേപങ്ങളാണ് ഗ്രൂപ്പിൽ പ്രചരിക്കുന്നത്. അതേ സമയം ആക്ഷേപങ്ങളൊന്നും ഭരണസമിതിക്ക് മുന്നിൽ പരാതിയായി എത്തിയിട്ടില്ല
എത്രയോ മാസമായി കൗൺസിൽ ഹാളിലെ ലൈറ്റുകൾ പൊട്ടിക്കിടക്കുന്നു. മൈക്ക് പ്രവർത്തിക്കുന്നില്ല. ശതാബ്ദി മന്ദിരത്തിലേക്ക് മാറുന്ന ന്യായം പറഞ്ഞ് നിലവിലുള്ള സൗകര്യങ്ങൾ നശിപ്പിക്കുന്നത് ശരിയല്ല
- പ്രതിപക്ഷം