ghj

ആലപ്പുഴ: സിറ്റിഗ്യാസ് പദ്ധതിയിലൂടെ പതിനായിരത്തോളം വീടുകളിൽ പാചകവാതകം എത്തിക്കുന്നതിന് പുറമേ,​ വാഹനങ്ങൾക്കുള്ള സി.എൻ.ജി (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) വിതരണവും ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. സി.എൻ.ജി ബൈക്കിനുള്ള കേരളത്തിലെ ആദ്യ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് ഇന്ധന വിതരണത്തിന് ചേർത്തലയിലെ ആധുനിക സി.എൻ.ജി സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ‌തുടക്കമായി. ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങളുള്ള ജില്ലയിൽ സി.എൻ.ജി ഇന്ധന വിതരണത്തിന് വൻ സാദ്ധ്യതയാണ് കാണുന്നത്. ആലപ്പുഴ ജില്ലയിലുടനീളം പതിനഞ്ചോളം സി.എൻ.ജി സ്റ്റേഷനുകൾ ഇതിനകം തുറന്നുകഴിഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ ഇത് ഇരുപത്തിയഞ്ചിലെത്തിക്കുകയാണ് ലക്ഷ്യം.

സിറ്റി ഗ്യാസ് ഡിസംബറിൽ ആലപ്പുഴ നഗരത്തിലെ വീടുകളിലെത്തും.ഏപ്രിലിൽ അമ്പലപ്പുഴയിലെ വീടുകളിലും. തെക്കൻ മേഖലയായ കായംകുളത്തേക്ക് കൊല്ലത്ത് നിന്നുള്ള സിറ്റി ഗ്യാസ് ഡിസംബറിലെത്തും.1.2 മീറ്ററിലധികം താഴ്ച്ചയിലാണ് പൈപ്പുകൾ സ്ഥാപിക്കുന്നത്. തുരുമ്പും ചോർച്ചയും അതിജീവിക്കാൻ പ്രാപ്തമായ കാർബൺ സ്റ്റീൽ പോളി എത്തിലിൻ പൈപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

പൈപ്പിടാൻ സമാന്തര വഴി

1.ആലപ്പുഴ നഗരത്തിലെ സിറ്റി ഗ്യാസ് പദ്ധതിക്ക് വേണ്ടി കലവൂ‌ർ മുതൽ കൊമ്മാടി വരെയുള്ള ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാനായിട്ടില്ല. റോഡ് കുഴിക്കാൻ ദേശീയപാത അധികൃതരുടെ അനുമതി ലഭിക്കാത്തതാണ് കാരണം

2. എ.എസ് കനാലിന് കിഴക്ക് നഗരസഭയുടെയും പി.ഡബ്ല്യു.ഡിയുടെയും റോഡ് വഴി കണക്ഷനെടുത്താവും കളർകോട് എസ്.ഡി കോളേജ് ഭാഗം വരെ സിറ്റി ഗ്യാസ് എത്തിക്കുക. പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് നാല് മാസം വേണ്ടിവരും

3.ജില്ലയുടെ തെക്കൻ പ്രദേശത്ത് സിറ്റി ഗ്യാസ് ലൈനുകൾ സ്ഥാപിക്കാൻ ഒന്നര വ‌ർഷത്തിന് ശേഷമേ നടപടിയാകൂ. തോട്ടപ്പള്ളി സ്പിൽവേയിൽ സ്ഥിരം ഡ്രെഡ്ജിംഗ് നടക്കുന്നതിനാൽ ആ പാത പ്രായോഗികമല്ല. ചവറയിൽ നിന്ന് കായംകുളത്തേക്ക് കണക്ഷൻ നീട്ടാനാവും

4. ആലപ്പുഴയിൽ നിന്നുള്ള പൈപ്പ് ലൈൻ അമ്പലപ്പുഴയിൽ നിന്ന് കിഴക്കോട്ട് പോയി കുട്ടനാട് ക്രോസ് ചെയ്ത് കായംകുളം സോണിൽ എത്തിക്കേണ്ടിവരും. 1.2 മീറ്ററിലധികം താഴ്ചയിൽ പൈപ്പുകൾ സ്ഥാപിക്കണം

സിറ്റി ഗ്യാസ്

പൂർത്തിയായ

കണക്ഷനുകൾ: 16,604

പ്രദേശങ്ങൾ

ചേർത്തല നഗരസഭ, വയലാർ, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീർമുക്കം, മാരാരിക്കുളം, കടക്കരപ്പള്ളി

എൽ.പി.ജി സിലിണ്ടറുകളേക്കാൾ 15 മുതൽ 25 ശതമാനം വരെ സാമ്പത്തിക ലാഭമുണ്ടാകും. ബുക്കിംഗ്, സംഭരണം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ഇന്ധന ഉപയോഗം ലാഘവത്തോടെ കൈകാര്യം ചെയ്യാനും പൈപ്പ്ഡ് ഗ്യാസ് വഴിയൊരുക്കും

-അജിത് വി.നാഗേന്ദ്രൻ, റീജിയണൽ ഹെ‌ഡ്, എ ജി ആൻഡ് പി പ്രഥം കമ്പനി

(പദ്ധതി നിർവ്വഹണ സ്ഥാപനം)