ആലപ്പുഴ : വയനാട് ദുരന്തത്തെത്തുടർന്ന് മാറ്റിവയ്ക്കപ്പെട്ട നെഹ്റു ട്രോഫി ജലമേള അനിശ്ചിതത്വത്തിലായതോടെ സോഷ്യൽ മീഡിയയലിലടക്കം പ്രതിഷേധം ശക്തമായപ്പോൾ ന്യായീകരണങ്ങളുമായി രാഷ്ട്രീയ നേതൃത്വവും രംഗത്തെത്തി.

നെഹ്റുട്രോഫി ഉപേക്ഷിച്ചിട്ടില്ലെന്ന് ആലപ്പുഴ എം.എൽ.എയും, നടത്തിപ്പ് ചുമതല എൻ.ടി.ബി.ആർ സൊസൈറ്റിക്കാണെന്ന് ടൂറിസം മന്ത്രിയും വിശദീകരിക്കുമ്പോൾ, കൃത്യമായ തിയതി പ്രഖ്യാപിക്കാതെ പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വള്ളംകളി സംരക്ഷണസമിതി. സമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ജില്ലാ കളക്ടറെ നേരിൽ കണ്ട് നിവേദനം നൽകും. ടൂറിസം മന്ത്രിയുടെയും, ജില്ലാ കളക്ടറുടെയുമടക്കം സോഷ്യൽ മീഡിയ പേജുകളിൽ വള്ളംകളി പ്രേമികളുടെ കടുത്ത വിമർശനമാണ് ഉയരുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ വള്ളംകളി വിഷയമുയർത്തി മുതലെടുക്കാനുള്ള ശ്രമം നടക്കുന്നതായി ഭരണകക്ഷി നേതാക്കൾ ആരോപിച്ചു.

നെഹ്റുട്രോഫി ജലമേള എപ്പോൾ നടത്താൻ തീരുമാനിച്ചാലും വകുപ്പ് സഹകരിക്കാൻ മുൻപന്തിയിലുണ്ടാകുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോസ്റ്റിട്ടു. മത്സരം സംഘടിപ്പിക്കുന്നത് ജില്ലാ കളക്ടർ ചെയർമാനായ നെഹ്റുട്രോഫി ബോട്ട് റേസ് കമ്മിറ്റിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷേ, സർക്കാർ ഉപേക്ഷിച്ചത് ഓണഘോഷമാണെന്നും രണ്ടര കോടി രൂപ അനുവദിച്ച ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമല്ലെന്നുമുള്ള മന്ത്രിയുടെ വിശദീകരണക്കുറിപ്പ് വള്ളംകളി പ്രേമികളെ ചൊടിപ്പിച്ചു. ചാലിയാറിന്റെ അഴിമുഖത്ത് നടക്കുന്ന ബേപ്പൂർ ജലമേള കാണാൻ അഭൂതപൂർവ്വമായ തിരക്കാണെന്ന് മന്ത്രി കുറിച്ചപ്പോൾ, നെഹ്റുട്രോഫി ജലമേളയ്ക്കായി ലോകമെമ്പാടും കാത്തിരിക്കുന്ന ലക്ഷക്കണക്കിന് നെഹ്റുട്രോഫി പ്രേമികളെ അദ്ദേഹം മറന്നെന്നായിരുന്നു പ്രതിഷേധക്കാർ കുറിച്ചത്.

വെള്ളത്തിൽ ചാടി പ്രതിഷേധം

നെഹ്റുട്രോഫി ജലമേളയുടെ തിയതി അടിയന്തരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതിയുടെ ഭാഗമായ വിവിധ ബോട്ട് ക്ലബ്ബ് പ്രതിനിധികൾ വെള്ളത്തിൽ ചാടി പ്രതിഷേധിച്ചു. ബേപ്പൂരിന് വണ്ടി പണം മുടക്കുകയും, ആലപ്പുഴയെ തഴയുകയും ചെയ്യുന്നത് ചിറ്റമ്മ നയമാണെന്ന് അവർ കുറ്റപ്പെടുത്തി. മത്സര സമയത്ത് തമ്മിൽ പോരാടുമെങ്കിലും, ജലമേളയുടെ വിജയത്തിനും വീണ്ടെടുപ്പിനും, എല്ലാ ക്ലബ്ബ് അംഗങ്ങളും ഒറ്റക്കെട്ടാണെന്നും അവർ വ്യക്തമാക്കി. കൈനകരി പത്തിൽ പാലത്തിന് സമീപം മുദ്രാവാക്യം വിളിയോടെയാണ് കായലിൽ ചാടി പ്രതിഷേധിച്ചത്.

തീയതി തീരുമാനിക്കും: എം.എൽ.എ
എൻ.ടി.ബി.ആർ സൊസൈറ്റി യോഗം ചേർന്ന് മത്സര തീയതി തീരുമാനിക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ അറിയിച്ചു. വള്ളംകളി നടത്തുന്നതിനായി ജില്ലയിൽ നിന്നുള്ള മന്ത്രിമാരും എം.എൽ.എമാരും സർക്കാരിനോട് അഭ്യർത്ഥിച്ചെന്നും, ഓണത്തിന് ശേഷം ആലോചിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നുമാണ് എം.എൽ.എയുടെ വിശദീകരണം.

ഏഴായിരത്തോളം തുഴച്ചിലുകാർ, അത്രത്തോളം സംഘാടകർ, ലക്ഷക്കണക്കിന് ജലോത്സവ പ്രേമികൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആവശ്യപ്പെട്ടിട്ടും നെഹ്റുട്രോഫി നടത്തുമെന്നോ തീയതിയോ പ്രഖ്യാപിക്കാത്തത് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെ കഴിവുകേടാണ്

- വിനോദ് കൃഷ്ണൻകുട്ടി, എക്സി.കമ്മിറ്റിയംഗം, യുണൈറ്റ‌് ബോട്ട് ക്ലബ്ബ് കൈനകരി

ഒരുകോടി രൂപ മുടക്കി അഞ്ച് ലക്ഷം രൂപ സമ്മാനത്തിന് വേണ്ടി മത്സരിക്കുന്നത് പണം നോക്കിയല്ല. നെഹ്റുട്രോഫി ജലമേള കുട്ടനാട്ടുകാർക്ക് വികാരമാണ്. ആലപ്പുഴയുടെ ടൂറിസം സീസണിനെ കൂടിയാണ് തകർത്തുകൊണ്ടിരിക്കുന്നത്

- രാഹുൽ രമേശ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്