തുറവൂർ: മാതൃകാസുരക്ഷാ ഇടനാഴിയുടെ ഗണത്തിൽ വരുന്ന അരൂർ - ഒറ്റപ്പുന്ന ദേശീയപാത ദിവസേന ചോരക്കളമാകുമ്പോഴും ശാശ്വത പരിഹാരം വൈകുന്നു. ദേശീയപാത അതോറിട്ടിയും മോട്ടോർ വാഹനവകുപ്പും പൊലീസും നോക്കുകുത്തിയായി മാറുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രാജ്യത്തെ ഏറ്റവും നീളമേറിയ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം നടക്കുന്ന അരൂർ മുതൽ തുറവൂർ വരെയും ആറുവരി ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന തുറവൂർ മുതൽ ഒറ്റപ്പുന്നവരേയും നിത്യേന അപകടങ്ങളും അപകട മരണങ്ങളും ഏറുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇവിടങ്ങളിൽ പൊലിഞ്ഞത് 4 ജീവനുകളാണ്. ചന്തിരൂരിൽ ഇന്നലെ പുലർച്ചെ കാൽ നടയാത്രികനായ അരൂർ പഞ്ചായത്ത് 10 -ാം വാർഡ് തറേപ്പറമ്പിൽ മണിയുടെ മകൻ രാജേഷ് ലോറിയിടിച്ച് മരിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് അരൂർ ക്ഷേത്രം ജംഗ്ഷനിൽ സ്വകാര്യ ബസിടിച്ച് വീണ എഴുപുന്ന സ്വദേശിനി മല്ലിക അജയൻ അതേ ബസിനടിയിൽപ്പെട്ട് ദാരുണമായി മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് 2 കിലോമീറ്റർ തെക്കുമാറി രാജേഷ് അപകടത്തിൽപ്പെട്ട് മരിച്ചത്. തുറവൂർ - ഒറ്റപ്പുന്ന പാതയിൽ പുത്തൻചന്തയിലും പട്ടണക്കാട്ടും ഇക്കഴിഞ്ഞ ദിവസങ്ങളിലായി രണ്ടുപേർ ഇത്തരത്തിൽ മരിച്ചിരുന്നു.
കാഴ്ചക്കാരായി അധികൃതർ
1.ദേശീയപാത വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ രണ്ടു വരി പാതയിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. വീതി കുറഞ്ഞതും കുഴികൾ നിറഞ്ഞതുമായ തിരക്കേറിയ ദേശീയപാതയിലൂടെയുള്ള ഡ്രൈവിംഗ് ഏറെ ക്ലേശകരമാണ്
2.വഴിവിളക്കുകൾ നീക്കിയതിനാൽ കൂരിരുട്ടാണ്. വാഹനങ്ങൾ പലയിടത്തും വഴി തിരിച്ചുവിടുന്നത് വ്യക്തമായ സൂചനാ ബോർഡുകളോ അടയാളങ്ങളോ സ്ഥാപിക്കാതെയാണ്. കാൽ നടയാത്രക്കാർക്കാകട്ടെ സുരക്ഷിതമായി സഞ്ചരിക്കാനാവാത്ത സ്ഥിതിയുമുണ്ട്
3.തുടർച്ചയായ മഴയിൽ അരൂർ മുതൽ തുറവൂർ വരെ പാതയിൽ രൂപപ്പെട്ട കുഴികളും വെള്ളക്കെട്ടും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇരു ചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
4.എലിവേറ്റഡ് ഹൈവേ നിർമ്മാണ മേഖലയിൽ ഇരുദിക്കുകളിൽ നിന്ന് നോക്കിയാൽ കാണാനാകാത്തവിധത്തിൽ റോഡിന് ഇരുവശവും ഉയരമേറിയ ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ റോഡ് മുറിച്ചു കടക്കുന്നതും പ്രയാസകരമാണ്.
5.അപകട മേഖലയായതിനാൽ 30 കി.മി. വേഗതയിൽ സഞ്ചരിക്കുക എന്നെഴുതിയ ബോർഡുകൾ തുറവൂർ മുതൽ അരൂർ വരെ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രധാന ജംഗ്ഷനിൽ പൊലീസിന്റെ സാന്നിദ്ധ്യമില്ലാത്തതിനാൽ അവഗണിക്കപ്പെടുകയാണ് പതിവ്