ചേർത്തല: ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ അധിക നഷ്ടപരിഹാര തുക യഥാസമയം നൽകാത്തതിന്റെ പേരിൽ ചേർത്തല താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടറുകൾ, മേശകൾ തുടങ്ങിയവ ജപ്തി ചെയ്തു. ചേർത്തല സബ് കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു നടപടി. പട്ടണക്കാട് സന്തോഷ് നിവാസിൽ കാർത്ത്യായനിയമ്മയ്ക്കും കുടുംബത്തിനും ലഭിക്കാനുള്ള 86,000 രൂപയ്ക്കും പലിശക്കും വേണ്ടിയായിരുന്നു ജപ്തി നടത്തിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.ദേശീയ പാതക്കായി സ്ഥലമെടുത്തതിന്റെ അധിക നഷ്ടപരിഹാരത്തിനായി കാർത്ത്യായനിയമ്മയും മറ്റും 1994ലാണ് കേസ് ഫയൽ ചെയ്തത്. നഷ്ടപരിഹാരം നൽകാൻ 2002ൽ കോടതി ഉത്തരവിട്ടു.തുക നൽകാത്തതിന്റെ പേരിൽ അവർ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന് കോടതി ജപ്തിക്ക് ഉത്തരവിടുകയായിരുന്നു. അഡ്വ. ജേക്കബ് ടോമിലിൻ വർഗീസ് ഇവർക്ക് വേണ്ടി ഹാജരായി.