ആലപ്പുഴ : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ 20 വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കൊട്ടാരക്കര വിളക്കുടി പഞ്ചായത്ത് കുന്നിക്കോട് മാണിക്കംവിള വീട്ടിൽ മുഹമ്മദ് ആഷികിനെയാണ് (29) ആലപ്പുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് (സ്പെഷ്യൽ പോക്സോ കോടതി ) ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023 മാർച്ച് 16നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി രണ്ട് തവണ പീഡിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണാണ് കേസിലെ പ്രധാന തെളിവായി മാറിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി. സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനു എസ്.നായർ, ബി.കെ.അശോകൻ, സി.എസ്.സുരേഷ് കുമാർ, സീനിയർ സി.പി.ഒമാരായ പി.ലേഖ, ജി.രശ്മി എന്നിവരാണ് കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.