ന്യൂഡൽഹി: സാമൂഹ്യ സുരക്ഷാ പെൻഷൻ മുതിർന്ന പൗരന്മാരുടെ നിയമപരമായ അവകാശമാക്കണം, ദേശീയ വയോജന നയം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ കേന്ദ്രസർക്കാരിന് നിവേദനം നൽകി. സാമൂഹ്യനീതി - ശാക്തീകരണ വകുപ്പ് മന്ത്രി ഡോ. വീരേന്ദ്രകുമാറിനെ കണ്ടാണ് നിവേദനം കൈമാറിയത്. എം.പിമാരായ കെ. രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ്, ഡോ.വി. ശിവദാസൻ, സംഘടനാ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ, വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള, ജോയിന്റ് സെക്രട്ടറി പി.പി. ബാലൻ എന്നിവർ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി, ധനമന്ത്രി, കേന്ദ്ര റെയിൽവേ മന്ത്രി എന്നിവരുടെ ഓഫീസുകൾക്കും നിവേദനം കൈമാറി. കൊവിഡ് കാലത്ത് പിൻവലിച്ച മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്രാ കൺസെഷൻ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.