ന്യൂഡൽഹി : എസ്.സി /എസ്.ടിയിലെ രണ്ടാം തലമുറയ്ക്ക് സംവരണം നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. രണ്ടാം തലമുറ ജനറൽ വിഭാഗത്തിന്റെ തലത്തിലേക്ക് എത്തിയോ എന്ന് സംസ്ഥാനങ്ങൾ പരിശോധിക്കണം. ഇവരിലെ ക്രീമിലെയറിനെ കണ്ടെത്തേണ്ടത് ഭരണഘടനാപരമായ അനിവാര്യതയാണ്.
ഒ.ബി.സി വിഭാഗത്തിനാണ് നിലവിൽ ക്രീമിലെയർ ബാധകം. ക്രീമിലെയർ എസ്.സി /എസ്.ടിക്കും ബാധകമാക്കണം. എന്നാൽ അവരിലെ ക്രീമിലെയറിനെ ഒഴിവാക്കാൻ ഒ.ബി.സി മാനദണ്ഡങ്ങളല്ല പിന്തുടരേണ്ടതെന്നും ജസ്റ്രിസുമാരായ ഗവായിയും, വിക്രംനാഥും വ്യക്തമാക്കി.
അടിച്ചമർത്തപ്പെട്ടവരെ അവഗണിക്കരുത്
എസ്.സി /എസ്.ടിയിലെ ചില വിഭാഗങ്ങൾ മാത്രമാണ് സംവരണം അനുഭവിക്കുന്നത്. യാഥാർത്ഥ്യങ്ങൾ അവഗണിക്കരുത്. നൂറ്റാണ്ടുകളായി അടിച്ചമർത്തൽ നേരിടുന്നവർ പട്ടികവിഭാഗങ്ങളിലുണ്ട്. ഇവർ സമാനസ്വഭാവമുള്ള ഒറ്റ വിഭാഗമല്ലെന്നതിന് ചരിത്രപരമായ തെളിവുകളുണ്ട്.
അതീവ പിന്നോക്കാവസ്ഥയിലുള്ള ഉപവിഭാഗങ്ങളുടെ ഉന്നമനത്തിന് സംവരണം അനിവാര്യമാണ്. സാമൂഹ്യമായ ജനാധിപത്യമില്ലെങ്കിൽ രാഷ്ട്രീയമായ ജനാധിപത്യം കൊണ്ട് പ്രയോജനമില്ലെന്ന ഡോ.ബി.ആർ. അംബേദ്കറുടെ വാക്കുകളും വിധിയിൽ എഴുതി. സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയ മുതലെടുപ്പിന് ഉപവിഭാഗ സംവരണം ഉപയോഗിക്കരുത്. ഇത് ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമായിരിക്കുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
വിധി പഞ്ചാബ് കേസിൽ
പഞ്ചാബിലെ സർക്കാർ ജോലികളിൽ ബാൽമീകി, മസ്ഹാബി സിഖ് വിഭാഗങ്ങളിലെ ഉപവിഭാഗങ്ങൾക്ക് സംവരണം നൽകി 2006ൽ കൊണ്ടുവന്ന നിയമം പഞ്ചാബ് - ഹരിയാന ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ പഞ്ചാബ് സുപ്രീംകോടതിയെ സമീപിച്ചതാണ് ചരിത്ര വിധിയിലേക്ക് നയിച്ചത്.
എസ്.സി /എസ്.ടിഉപവിഭാഗങ്ങളെ
കണ്ടെത്തൽ പ്രധാന കടമ്പ
തിരുവനന്തപുരം: പട്ടികവിഭാഗത്തിലെ ഉപവിഭാഗങ്ങൾക്ക് സംവരണം നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സുപ്രീംകോടതി വിധി ഏറെ ഗുണകരമെങ്കിലും ഇത് നടപ്പാക്കാൻ കടമ്പകൾ ഏറെ. പട്ടിക വിഭാഗത്തിൽ സംവരണത്തിന് അർഹതയുള്ള ഉപവിഭാഗങ്ങളെ നിശ്ചയിച്ചിട്ടില്ല.
അതേസമയം ഒ.ബി.സി സംവരണത്തിനുള്ളതുപോലെ ക്രിമിലെയർ തത്വങ്ങൾ പട്ടികവിഭാഗങ്ങൾക്കും ബാധകമാക്കുന്നത് താഴെത്തട്ടിലുള്ളവർക്ക് കൂടുതൽ അവസരം കിട്ടാൻ വഴിതെളിക്കും. സംസ്ഥാനത്ത് പട്ടികജാതി പട്ടികയിൽ 69 വിഭാഗങ്ങളും പട്ടികവർഗ്ഗ പട്ടികയിൽ 28 വിഭാഗങ്ങളുമാണുള്ളത്. ഇതിലെ ഉപവിഭാഗങ്ങളെ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്.
ഒ.ബി.സി ഉപവിഭാഗങ്ങളെ കണ്ടെത്താൻ കേന്ദ്രം ജസ്റ്രിസ് രോഹിണി കമ്മീഷനെ നിയോഗിച്ചിരുന്നു. ആറു മാസ കാലാവധി നിശ്ചയിച്ച കമ്മീഷന് പിന്നീട് അഞ്ച് വർഷം വരെ നീട്ടി കൊടുത്തു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികളില്ല. ഇതേ രീതിയിൽ പട്ടിക വിഭാഗത്തിലെ ഉപവിഭാഗങ്ങളെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാനും കാലവിളംബം വന്നേക്കാം . ഈ നടപടികൾ ത്വരിതപ്പെടുത്തിയാലേ വിധിയുടെ പ്രയോജനം ലഭ്യമാവൂ.
പട്ടിക വിഭാഗത്തിലെ ക്രീമിലെയറിനെ
ഒഴിവാക്കിയാലും അസമത്വം മാറില്ല
തിരുവനന്തപുരം: പട്ടികവിഭാഗങ്ങളിലെ ക്രീമിലെയറിനെ സംവരണത്തിൽ നിന്ന് ഒഴിവാക്കിയാലും അസമത്വത്തിന് പരിഹാരമാവില്ലെന്ന് പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി ചൂണ്ടിക്കാട്ടി.
മാതാപിതാക്കളുടെ ഉയർന്ന പദവി മൂലം മികച്ച വിദ്യാഭ്യാസം കിട്ടുന്നവരെ ഗ്രാമങ്ങളിലെ സാധാരണക്കാരായ ഉദ്യോഗാർത്ഥികൾക്കൊപ്പം പരിഗണിക്കുന്നത് അസമത്വമാണ്. അതുകൊണ്ട് മെച്ചപ്പെട്ട സൗകര്യം കിട്ടിയവരെ സംവരണത്തിൽ നിന്ന് ഒഴിവാക്കി ഗ്രാമങ്ങളിലെ പട്ടിക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം നൽകിയാലും അസമത്വം മാറില്ല. അവർക്ക് ഉയർന്ന ഉദ്യോഗങ്ങൾക്ക് യോഗ്യത ഉണ്ടാവില്ല. ഫലത്തിൽ പട്ടിക വിഭാഗ പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയായ സംവരണം ഇല്ലാതാക്കുന്നതിനു തുല്യമാവും സുപ്രീംകോടതിവിധി. 22.5% സംവരണം ഏഴ് പതിറ്റാണ്ടിലേറെ നൽകിയിട്ടും ഇപ്പോഴും പ്രാതിനിധ്യം 18 ശതമാനത്തിലും താഴെയാണ്. ഈ 70 വർഷത്തിനിടെ കേരളത്തിൽ ഒരു പട്ടിക വിഭാഗക്കാരൻ പോലും ചീഫ് സെക്രട്ടറി ആയിട്ടില്ല. പല ഉന്നത തസ്തികകളിലെയും സ്ഥിതി അതാണ്.
പട്ടിക വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആകൂല്യങ്ങൾക്കുള്ള വരുമാനപരിധി രണ്ടര ലക്ഷം രൂപയായി പരിമിതപ്പെടുത്തിയതും അനുവദിച്ച പരിമിതമായ വിദ്യാഭ്യാസ സഹായങ്ങൾ പോലും യഥാസമയം കിട്ടാത്തതും ആരും പരിഗണിക്കുന്നില്ല. ഐ.ഐ.ടിയിലും ഐ.ഐ .എമ്മിലും പഠിക്കുന്ന പട്ടിക /പിന്നാക്ക വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കുന്നതും ആരും പരിശോധിക്കുന്നില്ല.
ക്രീമിലെയർ ഏർപ്പെടുത്തിയാൽ അധികാര സ്ഥാനങ്ങളിലും ഉന്നത പദവികളിലും നാമമാത്രമായി ലഭിക്കുന്ന പട്ടിക വിഭാഗ പ്രാതിനിധ്യം പോലും ഫലത്തിൽ ഇല്ലാതാകും.
ഒ ബി സി സംവരണം ഏർപ്പെടുത്തിയത് 1993ലാണ്. 27% സംവരണം 25 വർഷം നടപ്പാക്കിയിട്ടും പ്രാതിനിധ്യം 13% മാത്രം. ഭരണാധികാരികളും സമുദായ സംഘടനകളും ഈ വസ്തുതകൾ തിരിച്ചറിഞ്ഞു വേണം സുപ്രീംകോടതി വിധിയോട് പ്രതികരിക്കേണ്ടത്.
ബലിതർപ്പണം: ശിവഗിരിയിൽ ഒരുക്കങ്ങളായി
ശിവഗിരി : കർക്കടകവാവ് ബലിതർപ്പണത്തിന് ശിവഗിരിമഠവും ശാഖാസ്ഥാപനങ്ങളും ഒരുങ്ങി. ബലിയിടുന്നതിനായി ശാരദാമഠത്തിന് സമീപം അന്നക്ഷേത്രത്തിലെ വിശാലമായ ഓഡിറ്റോറിയം തയ്യാറാക്കി. ശനിയാഴ്ച പുലർച്ചെ മുതൽ നടക്കുന്ന ബലികർമ്മങ്ങൾക്കായി മുൻവർഷങ്ങളിലേതിനേക്കാൾ വർദ്ധിച്ച തോതിലുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും മറ്റു വൈദികരും ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
ശിവഗിരിതീർത്ഥാടന ആഡിറ്റോറിയത്തിന്റെ മുൻഭാഗത്തും പിന്നിലും സമീപറോഡുകളിലും മറ്റുമായി വാഹനങ്ങൾ പാർക്ക് ചെയ്യാം. വഴിപാടു കൗണ്ടറിൽ കൂടുതൽ ജീവനക്കാരുടെ സേവനം ലഭ്യമാക്കും. പ്രഭാതഭക്ഷണത്തിനും ഉച്ചയ്ക്കുള്ള ഗുരുപൂജാ പ്രസാദത്തിനും വഴിപാടു കൗണ്ടറിൽ നിന്നുള്ള ടോക്കണുമായി എത്തിയാൽ മതിയാകും. ഗുരുപൂജയ്ക്കൊപ്പം മഹാഗുരുപൂജ സമർപ്പിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാം. ഗുരുപൂജാപ്രസാദം അന്നദാനത്തിനായി കാർഷികവിളകളോ പലവ്യജ്ഞനങ്ങളോ സമർപ്പിക്കാനാഗ്രഹിക്കുന്നുവെങ്കിൽ ഗുരുപൂജാ മന്ദിരത്തിനു സമീപം എത്തിക്കാം. ശിവഗിരിമഠം ശാഖാസ്ഥാപനങ്ങളായ ചെമ്പഴന്തി ഗുരുകുലം, അരുവിപ്പുറം മഠം, കുന്നുംപാറക്ഷേത്രം, ആലുവാ അദ്വൈതാശ്രമം, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, പൊങ്ങണംകാട് ആശ്രമം, പഴഞ്ഞി ഗുരുപ്രഭാവാശ്രമം എന്നിവിടങ്ങളിലും ബലിതർപ്പണം ഉണ്ടായിരിക്കുമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
തിരുനെല്ലിയിൽ
ബലിതർപ്പണം
പരിമിതപ്പെടുത്തും
തിരുനെല്ലി: മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ തിരുനെല്ലിയിലെ ബലിതർപ്പണം ക്ഷേത്രത്തിലെത്തുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. നാളെയാണ് തിരുനെല്ലിയിൽ കർക്കടകവാവ് ബലിതർപ്പണം നടത്തേണ്ടത്. പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. വയനാട്ടിൽ നിന്നും പുറത്ത് നിന്നുമായി പതിനായിരങ്ങളാണ് ഓരോ വർഷവും ബലിതർപ്പണത്തിന് ഇവിടെ എത്തുന്നത്.