ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മാറ്റി വച്ച ശേഷം ദേശീയ മെഡിക്കൽ സയൻസ് പരീക്ഷാ ബോർഡ് ആഗസ്റ്റ് 11ന് നടത്താൻ നിശ്‌ചയിച്ച നീറ്റ് പിജി പ്രവേശന പരീക്ഷ എഴുതാൻ കേരളത്തിലെ ആയിരക്കണക്കിന് ജൂനിയർ ഡോക്‌ടർമാർ ആയിരം കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിൽ പോകണം. അവിടെ പരീക്ഷാ കേന്ദ്രം എവിടെയാണെന്ന് എട്ടാം തിയതിയേ അറിയാനാകൂ. അപരിചിതമായ സ്ഥലത്തെ താമസം, ട്രെയിൻ, വിമാന ടിക്കറ്റ് തുടങ്ങിയ ശരിയാക്കാനുള്ള ഓട്ടത്തിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. വിഷയം എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജോൺ ബ്രിട്ടാസ്, ഹാരിസ്ബീരാൻ എന്നിവർ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ ശ്രദ്ധയിൽപ്പെടുത്തി. പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
പരീക്ഷാ അപേക്ഷയിൽ കേരളത്തിലെ സെന്ററുകൾക്കൊപ്പം നാലാം ചോയിസായി ആന്ധയിലെ കേന്ദ്രവും തിരഞ്ഞെടുക്കണമായിരുന്നു. ആദ്യത്തെ മൂന്നെണ്ണം കേരളത്തിലെ കേന്ദ്രങ്ങളായതിനാൽ ആന്ധ്ര ലഭിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതീക്ഷിച്ചില്ല. കോഴിക്കോട്ടുള്ള ചിലർക്ക് വിശാഖപട്ടണമാണ് ലഭിച്ചതെങ്കിലും അവിടെ എവിടെയാണ് കേന്ദ്രമെന്ന് എട്ടാം തിയതിയേ അറിയൂ. കോഴിക്കോടു നിന്നും മറ്റും നേരിട്ട് ട്രെയിനില്ലാത്തതും മറ്റു റൂട്ടുകളിൽ ടിക്കറ്റ് ഇല്ലാത്തതും പ്രശ്‌നമാണ്. വിമാന ടിക്കറ്റിന് 15,000 രൂപയിൽ കൂടുതലാകും. മറ്റു വഴിയില്ലെങ്കിൽ ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്‌ത് പോകാനും വിദ്യാർത്ഥികൾ ആലോചിക്കുന്നു.പരീക്ഷയെഴുതാനായി ഇത്രയേറെ ജൂനിയർ ഡോക്ടർമാർ സംസ്ഥാനം വിട്ടുപോകുന്നത് പ്രകൃതി ക്ഷോഭം നേരിട്ട വയനാട്ടിലെ ദുരിതാശ്വാസ നടപടികളെ ബാധിക്കുമെന്നും മന്ത്രിക്ക് എഴുതിയ കത്തിൽ സി.പി.എം എംപി ഡോ. ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പരീക്ഷാ കേന്ദ്രങ്ങൾ സംബന്ധിച്ച ആശങ്ക ധരിപ്പിച്ചു. മാതൃ സംസ്ഥാനത്ത് പരീക്ഷാ കേന്ദ്രംഅനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. ആന്ധ്രയിലേക്ക് കേരളത്തിൽ നിന്ന് യാത്രാ സൗകര്യം കുറവാണ്. പെൺകുട്ടികൾക്ക് താമസസൗകര്യം, നിർദ്ധന വിദ്യാർത്ഥികൾക്ക് സാമ്പത്തിക ചെലവ് തുടങ്ങിയവ ബാദ്ധ്യതയാകുകയും ചെയ്യും.
നിലവിൽ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രളയ പ്രദേശങ്ങളിലെ അടക്കം നിരവധി അപേക്ഷകർ സെന്റർ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രിക്ക് അയച്ച കത്തിൽ മുസ്ലിമ ലീഗ് എംപി ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.