ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേനയുടെ മാതൃകയിൽ സംസ്ഥാന സേന രൂപീകരിക്കാനും സംസ്ഥാന തലസ്ഥാനങ്ങൾക്കും വൻ നഗരങ്ങൾക്കും അർബൻ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി രൂപീകരിക്കാനും വ്യവസ്ഥ
ചെയ്യുന്ന ദുരന്തനിവാരണ ഭേദഗതി നിയമം ലോക്‌സഭയിൽ അവതരിപ്പിച്ചു.ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന അധികാരികളുടെയും സമിതികളുടെയും പ്രവർത്തനങ്ങളിൽ വ്യക്തതയും ഏകോപനവും കൊണ്ടുവരാൻ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി, ഉന്നതതല സമിതി തുടങ്ങിയവയ്‌ക്ക് നിയമപരമായ പദവി നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ദുരന്തനിവാരണ മേഖലയിൽ അധികാര കേന്ദ്രങ്ങൾ വർദ്ധിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കൈകടത്തലിന് സാദ്ധ്യതയുണ്ടെന്നും ബില്ലിനെ എതിർത്ത് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് പറഞ്ഞു. എന്നാൽ ആശങ്കൾക്ക് അടിസ്ഥാനമില്ലെന്നും ദുരന്തനിവാരണം സംസ്ഥാനങ്ങളുടെ പ്രഥമ ഉത്തരവാദിത്തമാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കി.
ബില്ലിലെ മറ്റ്
വ്യവസ്ഥകൾ:
ദേശീയ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കൽ
ദേശീയ,സംസ്ഥാന തലത്തിൽ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കാൻ എൻ.ഡി.എം.എ, എസ്.ഡി.എം.എ അധികാരികൾക്ക് അധികാരം
ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും പ്രതിരോധം തീർക്കാനും ദേശീയ, സംസ്ഥാന ഡാറ്റാ ബേസ്
സംസ്ഥാന തലസ്ഥാനങ്ങൾക്കും മുനിസിപ്പൽ കോർപ്പറേഷനുകളുള്ള വലിയ നഗരങ്ങൾക്കും 'അർബൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി'
ദേശീയ ദുരന്തനിവാരണ സേനയ്‌ക്ക് (എൻ.ഡി.ആർ.എഫ്).പകരം സംസ്ഥാന ദുരന്ത പ്രതികരണ സേന.
ദേശീയ ദുരന്ത നിവാര ഫണ്ടിന്റെ വിനിയോഗത്തിന് ഇളവ്.
ദുരന്ത ആഘാതം തടയുന്നതിന് വ്യക്തികൾക്കെതിരെ നടപടിയെടുക്കാൻ അധികാരം. 10,000 രൂപ പിഴ ചുമത്താം.