ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ ദുരന്തത്തിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവുമായി മുനിസിപ്പൽ കോർപ്പറേഷൻഡൽഹിയിലെ കെട്ടിടങ്ങളുടെ ബേസ്മെന്റിൽ പരിശോധന നടത്തണമെന്ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ചട്ടലംഘനമുണ്ടെങ്കിൽ ഉടനടി സീൽ ചെയ്യണം. ബേസ്മെന്റിലേക്ക് പ്രവേശിക്കാനും പുറത്തിറക്കാനും പ്രത്യേക വാതിലുകൾ നിർബന്ധമാക്കണം. ഓടകളും ഫുട്പാത്തുകളും കൈയേറിയുള്ള നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നും ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അതേസമയം, സംഭവത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് ഒരുവിഭാഗം വിദ്യാർത്ഥികളുടെ പ്രതിഷേധം ഇന്നലെയും തുടർന്നു. വിഷയം ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ സ്ഥാപനത്തിലെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ ദുരന്തത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്.
മനുജ് കത്തുരിയക്ക് ജാമ്യം
നരഹത്യാക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിസിനസുകാരനായ മനുജ് കത്തുരിയക്ക് തീസ് ഹസാരി കോടതി ജാമ്യം അനുവദിച്ചു. ബിസിനസുകാരൻ മേഖലയിലെ വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയിൽ ആഡംബരക്കാർ ഓടിച്ചതിന്റെ ഫലമായി കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിലേക്ക് വെള്ളം ഇരച്ചുകയറിയെന്നും, സാഹചര്യം വഷളാക്കിയെന്നുമാണ് കേസ്.