ന്യൂഡൽഹി: ഡൽഹിയിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ദുരന്തത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ട് ഡൽഹി ഹൈക്കോടതി. സെൻട്രൽ വിജിലൻസ് കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കും. നിലവിൽ ഡൽഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംശയത്തിനിടയില്ലാത്ത അന്വേഷണം ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ടിംഗ് ചീഫ് ജസ്റ്രിസ് മൻമോഹനും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ക്രമക്കേടുകളിൽ ഉദ്യോഗസ്ഥർക്കെതിരെ അടക്കം അന്വേഷണമുണ്ട്. ഉന്നതതലസമിതി അന്വേഷിക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ശനിയാഴ്ച രാത്രിയാണ് റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ സ്ഥാപനത്തിലെ ബേസ് വെള്ളം ഇരച്ചുകയറി ദുരന്തമുണ്ടായത്.
"വെള്ളത്തിന് പിഴയിടാത്തത് ദയ"
സംഭവത്തിന്റെ എല്ലാ വശങ്ങളും ശാസ്ത്രീയമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചപ്പോൾ ഹൈക്കോടതി തിരിച്ചടിച്ചു. എന്താണ് നിങ്ങൾ നോക്കുന്നത് ? എന്തുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് ബേസ്മെന്റിൽ നിന്ന് പുറത്തുവരാൻ കഴിയാത്തത് ? മേഖലയിൽ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചതു കൊണ്ട് വെള്ളം കോച്ചിംഗ് സെന്ററിലേക്ക് കയറിയെന്ന് പറഞ്ഞ് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഇരച്ചുകയറിയതിന് മഴവെള്ളത്തിന് പിഴയിടാത്തതു തന്നെ പൊലീസിന്റെ ദയാവായ്പാണെന്നും കോടതി പരിഹസിച്ചു.
കൈയേറ്റങ്ങൾ ഒഴിപ്പിക്കണം
ഓൾഡ് രജീന്ദർ നഗർ മേഖലയിൽ ഉൾപ്പെടെ കൈയേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും ഒഴിപ്പിക്കണമെന്ന് മുനിസിപ്പൽ കമ്മിഷണർക്ക് നിർദ്ദേശം നൽകി. ഓടകൾ വൃത്തിയാക്കണം. ഡ്രെയിനേജ് സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചു. 75 വർഷത്തോളം പഴക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്. കോടതി നിർദ്ദേശങ്ങളെ മുനിസിപ്പൽ കോർപ്പറേഷൻ മാനിക്കുന്നില്ലെന്നും വിമർശിച്ചു.
നഷ്ടപരിഹാരം പ്രഖ്യാപിച്ച് സെന്ററുകൾ
മരണമടഞ്ഞ മലയാളി വിദ്യാർത്ഥി നെവിൻ ഡാൽവിൻ സുരേഷ്, ഉത്തർപ്രദേശ് അംബേദ്കർ നഗർ സ്വദേശിനി ശ്രേയ യാദവ്, തെലങ്കാനയിലെ താനിയ സോനി എന്നിവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹിയിലെ നാല് കോച്ചിംഗ് സെന്ററുകൾ. മൂന്നു കുടുംബങ്ങൾക്കും 40 ലക്ഷം വീതം ലഭ്യമാകും. വാജിറാം ആൻഡ് രവി ഇൻസ്റ്റിറ്റ്യൂട്ട്, ദൃഷ്ടി ഐ.എ.എസ്, നെക്സ്റ്റ് ഐ.എ.എസ്, ശ്രീറാംസ് ഐ.എ.എസ് എന്നീ കോച്ചിംഗ് സെന്ററുകളാണ് തുക പ്രഖ്യാപിച്ചത്. റാവൂസ് ഐ.എ.എസ് സ്റ്റഡി സർക്കിൾ പൂട്ടിയതു കാരണം പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവും വാഗ്ദാനം ചെയ്തു. വിഷയം ലഘൂകരിക്കാനാണ് ഇത്തരം തന്ത്രങ്ങളെന്ന് തെരുവിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ആരോപിച്ചു.