ന്യൂഡൽഹി: എല്ലാ ഗവർണർമാരും സത്യപ്രതിജ്ഞയോട് നീതി പുലർത്തി ജന സേവനത്തിനും ക്ഷേമത്തിനും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുർമു. ജനാധിപത്യത്തിന്റെ സുഗമമായ പ്രവർത്തനത്തിന്, വിവിധ കേന്ദ്ര ഏജൻസികളുടെ ഏകോപനം ഉറപ്പാക്കാൻ ഗവർണർമാർക്ക് കഴിയും. പട്ടികവർഗ, പട്ടികജാതി മേഖലകളിലെ വികസന പദ്ധതികളും യുവാക്കളുമായി ബന്ധപ്പെട്ട പദ്ധതികളും പ്രോത്സാഹിപ്പിക്കണം. കൃഷി പ്രോത്സാഹിപ്പിക്കാൻ രാജ്ഭവനുകളെ മാതൃകയാക്കാമെന്നും പറഞ്ഞു. രാഷ്ട്രപതി ഭവനിൽ ഗവണർമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തെ സമ്മേളനത്തിൽ
കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ രൂപപ്പെടുത്തൽ, ജനക്ഷേമ പദ്ധതികൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
കഴിഞ്ഞ ദശകത്തിൽ നടന്ന സാമൂഹ്യക്ഷേമ പദ്ധതികളെക്കുറിച്ചും വികസനത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം ഗവർണർമാർക്കുണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പറഞ്ഞു.
കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിൽ ഫലപ്രദമായ പാലമായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ജനങ്ങളുമായും സാമൂഹിക സംഘടനകളുമായും ഇടപഴകാനും അധഃസ്ഥിതരെ സഹകരിപ്പിക്കാനും ഗവർണർമാരോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന ഒരു സുപ്രധാന സ്ഥാപനമാണ് ഗവർണർ പദവിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിമാരും മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും വിവിധ സെഷനുകളിൽ പങ്കെടുക്കും.