ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് 1886ലെ പാട്ടക്കരാർ നിലനിൽക്കുമോ എന്ന വിഷയത്തിൽ വാദം കേൾക്കാൻ സുപ്രീംകോടതിയുടെ നിർണായക തീരുമാനം. എന്നാൽ, ജലനിരപ്പ് 142 അടിയായി ഉയർത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ 2006ലെ വിധിയിൽ തീർപ്പാക്കിയ വിഷയമാണിതെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടിയെങ്കിലും വാദംകേൾക്കാൻ ജസ്റ്രിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു.
പാട്ടക്കരാർ ലംഘിച്ച് കേരളം അണക്കെട്ടിനു സമീപം മെഗാ കാർ പാർക്കിംഗ് മേഖല നിർമ്മിച്ചുവെന്ന തമിഴ്നാടിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ഈ വിഷയവും ഉയർന്നത്. പാട്ടക്കരാറിൽ വാദം കേൾക്കുന്നതിൽ നിയമപരമായി തടസമില്ലെന്ന് കേരളം നിലപാടെടുത്തു. എട്ടാഴ്ചയ്‌ക്കകം കേരളവും തമിഴ്നാടും ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. സെപ്‌തംബർ 30ന് കേസ് വീണ്ടും പരിഗണിക്കും.
കേരളത്തിന്റെ മെഗാ കാർ പാർക്കിംഗ് മേഖലാ നിർമ്മാണം പാട്ടക്കരാർ ലംഘിച്ചല്ലെന്ന് കേന്ദ്രസർക്കാരിന് കീഴിലെ സർവേ ഒഫ് ഇന്ത്യ വകുപ്പ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. പാട്ടക്കരാറിൽ ഉൾപ്പെടുന്ന ഭൂമിയിലല്ല നിർമ്മാണമെന്നായിരുന്നു സർവേ കണ്ടെത്തൽ. ഇതിനെ തമിഴ്നാട് എതിർക്കുന്നു. സർവേ നടപടികൾ കൃത്യമല്ലെന്നും പാകപ്പിഴകളുണ്ടെന്നുമാണ് തമിഴ്നാടിന്റെ ആരോപണം.
വാദം കേൾക്കുന്ന വിഷയങ്ങൾ
തമിഴ്നാടിന്റെ ഹർജി നിലനിൽക്കുമോ. പാട്ടക്കരാറിന്റെ യഥാർത്ഥ
പിന്തുടർച്ചാവകാശി തമിഴ്നാടോ, കേന്ദ്രസർക്കാരോ
പാട്ടക്കരാർ അവകാശങ്ങൾക്കു മേൽ കേരളം ഇടപെടൽ നടത്തുന്നുണ്ടോ
കാർ പാർക്കിംഗ് നിർമ്മാണം വാട്ടർ സ്‌പ്രെഡ് ഏരിയയിൽ ആണോ
കേരളത്തിന്റെ നിർമ്മാണത്തിൽ പാട്ടക്കരാർ ലംഘനമുണ്ടോ
സർവേ ഒഫ് ഇന്ത്യ വകുപ്പിന്റെ റിപ്പോർട്ട് ശരിയോ