ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി 936 കിലോമീറ്റർ ദൈർഘ്യമുള്ള എട്ട് ദേശീയ അതിവേഗ ഇടനാഴി പദ്ധതികൾക്ക് അംഗീകാരം നൽകി. രാജ്യത്തെ ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറയ്‌ക്കാനുമുള്ള പദ്ധതികൾക്ക് 50,655 കോടി വകയിരുത്തി.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്‌ചിമ ബംഗാൾ, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, അസാം, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലാണ് പദ്ധതികൾ.
പദ്ധതികൾ ഇവ
1. ആന്ധ്രാ-ഗ്വാളിയോർ ആറുവരി (88കി.മീ, ചെലവ് 4,613കോടി): യാത്രാ ദൂരം പകുതിയാവും. ഉത്തർപ്രദേശ്, രാജസ്ഥാൻ മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകും.താജ്‌മഹൽ യാത്ര എളുപ്പമാക്കും.
2. ഖരഗ്പൂർ-മൊരേഗ്രാം നാലുവരി (231കി.മീ, ചെലവ് 10,247 കോടി): പശ്‌ചിമ ബംഗാളിൽ. ദൂരം പകുതിയാക്കും. ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങൾക്കും പ്രയോജനം.
3. താരാഡ്-ദീസ-മെഹ്‌സാന-അഹമ്മദാബാദ് ആറുവരി(214 കി.മീ, ചെലവ് 10,534കോടി). ഗുജറാത്തിൽ നിന്ന് ഉത്തരേന്ത്യ യാത്ര എളുപ്പമാക്കും.
4. അയോദ്ധ്യാ റിംഗ് റോഡ് നാലുവരി (68 കി.മീ, ചെലവ് 3,935 കോടി). അയോദ്ധ്യാ ക്ഷേത്ര യാത്ര എളുപ്പമാക്കും
5. പത്താൽഗാവ്-ഗുമ്‌ല നാലുവരി(137 കി.മീ, ചെലവ് 4,473 കോടി): ഛത്തീഗഡിലെ റായ്‌പൂരിനെയും ജാർഖണ്ഡിലെ റാഞ്ചിയെയും ബന്ധിപ്പിക്കും.
6. കാൺപൂർ റിംഗ് റോഡ് ആറുവരി (47കി.മീ, ചെലവ് 3,298കോടി): കാൺപൂരിനെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കും.
7. ഗുവാഹതി ബൈപ്പാസ് നാലുവരി (121കി.മീ, ചെലവ് 5,729കോടി): നിലവിലെ ബൈപ്പാസ് നവീകരിച്ച് അസാമിലെ പ്രമുഖ സ്ഥലങ്ങളെ കൂട്ടിച്ചേർക്കും. വടക്കു കിഴക്കൻ യാത്ര എളുപ്പമാക്കും.
8. നാസിക് ഫാട്ടാ-ഖേഡ് എലിവേറ്റഡ് എട്ടുവരി (30കി.മീ, ചെലവ് 7,827കോടി): പൂനെ - നാസിക് അതിവേഗ യാത്ര ഉറപ്പാക്കും.